ന്യൂഡെൽഹി: അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് എതിരായ മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദേശ്മുഖിനെതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും സുപ്രീംകോടതി അറിയിച്ചു.
പൊലീസുകാരെ ഉപയോഗിച്ച് വ്യവസായികളെ ഭീഷണിപ്പെടുത്തി മാസവും 100 കോടി രൂപ പിരിക്കാൻ അനിൽ ദേശ്മുഖ് ശ്രമിച്ചെന്നായിരുന്നു മുൻ മുംബൈ പൊലീസ് കമ്മീഷണറുടെ പരാതി. ഇതില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് മുംബൈ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടത്.
ഇതിനെതിരെയാണ് അനില്‍ ദേശ്മുഖ് സുപ്രീംകോടതിയെ സമീപിച്ചത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു അനില്‍ ദേശ്മുഖിന്‍റെ നിലപാട്. എന്നാല്‍ എൻസിപി നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം ധാര്‍മ്മികത ഉയര്‍ത്തി മന്ത്രി സ്ഥാനത്ത് നിന്നും ദേശ്മുഖ് രാജിവെച്ചിരുന്നു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാര്‍ട്ടി നേതാവാണ് അനിൽ ദേശ്‌മുഖ്.