ഡോളർ കടത്ത് കേസ്; സ്പീക്കർ ഹാജരാവില്ല; അസുഖമായതിനാൽ എത്തില്ലെന്ന് വിശദീകരണം

തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഹാജരാവില്ല. അസുഖമുള്ളതിനാൽ എത്താനാവില്ലെന്ന് അദ്ദേഹം കസ്റ്റംസിനെ അറിയിച്ചു. കസ്റ്റംസിൻ്റെ കൊച്ചി ഓഫീസിൽ ഹാജരാവാനായിരുന്നു ശ്രീരാമകൃഷ്ണന് കിട്ടിയ നോട്ടീസിലെ നിർദ്ദേശം. കഴിഞ്ഞ മാസവും ഹാജരാകൽ കാണിച്ച്‌ കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല.

തിരഞ്ഞെടുപ്പായതിനാൽ എത്താൻ പറ്റില്ലെന്നായിരുന്നു അന്നത്തെ സ്പീക്കറുടെ മറുപടി. കഴിഞ്ഞ മാസം ഹാജരാകാനായി സ്​പീക്കർക്ക്​ ആദ്യം നോട്ടീസ്​ അയച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ്​ തിരക്ക്​ ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന്​ സ്​പീക്കർ ആവശ്യപ്പെടുകയും ചെയ്​തിരുന്നു.

യു.എ.ഇ കോൺസുൽ ജനറൽ മുഖേന നടത്തിയ ഡോളർ കടത്തിൽ സ്​പീക്കർക്കും പങ്കുണ്ടെന്ന സ്വപ്​നയുടേയും സരിത്തി​ൻ്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ്​ ചോദ്യം ചെയ്യുന്നത്​. അതേസമയം ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കരന് നേരത്തെ ജാമ്യം കിട്ടിയിരുന്നു. അതേസമയം സ്പീക്കറെ ചോദ്യം ചെയ്താൽ മാത്രമെ കേസിൽ സ്പീക്കറിനെതിരെ നൽകിയ പ്രതികളുടെ മൊഴികൾ സത്യമാണോ എന്ന് അറിയാനാവു. ഇത് പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടികൾ.

കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്പീക്കർക്ക് ഗൾഫിൽ നിക്ഷേപമുണ്ട് എന്നാണ്. ഗൾഫിൽ വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപമുണ്ടെന്നാണ് മൊഴി. ഈ മൊഴിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ കസ്റ്റംസ് തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് സൂചന.