ആലപ്പുഴ: അമ്പലപ്പുഴയിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമിന് ഏർപ്പെടുത്തിയ സുരക്ഷ വർധിപ്പിച്ചു. ഇതേതുടർന്ന് സ്ട്രോംഗ് റൂം കേന്ദ്രത്തിൽ യുഡിഎഫ് സ്ഥാനാർഥി എം.ലിജു നടത്തിവന്ന സമരം അവസാനിപ്പിച്ചു. പ്രതിഷേധത്തെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കാൻ ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു. വാതിലുകളും ജനലുകളും ഉദ്യോഗസ്ഥർ പട്ടിക അടിച്ച് വീണ്ടും സീൽ ചെയ്തു.
സ്ട്രോംഗ് റൂമിന് ചട്ടപ്രകാരമുള്ള സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലിജു കുത്തിയിരിപ്പ് സമരം നടത്തിയത്. ലിജുവിനൊപ്പം ധാരാളം കോൺഗ്രസ് പ്രവർത്തകരും സ്ട്രോംഗ് റൂമിന് മുൻപിൽ തടിച്ച് കൂടിയിരുന്നു. സെന്റ് ജോസഫ് സ്കൂളിലെ സ്ട്രോംഗ് റൂമിന് മുന്നിലായിരുന്നു ലിജുവിന്റെ സമരം.
വോട്ടിങ് യന്ത്രങ്ങൾ സ്ഥിരമായി സൂക്ഷിക്കുന്ന രീതിയിലല്ല അമ്പലപ്പുഴയിലെ സ്ട്രോങ് റൂമിലെ സുരക്ഷയെന്നായിരുന്നു ലിജുവിന്റെ ആരോപണം. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്നും, ആർക്ക് വേണമെങ്കിലും, ഏത് വിധേനെയും ഇതിൽ കയറാമെന്നും എം.ലിജു പറയുന്നു. ജില്ലാ കളക്ടറോട് താൻ സംസാരിച്ചിരുന്നുവെന്ന് ലിജു പറഞ്ഞു.
ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ ചെയ്തിരിക്കുന്നത് പോലെ പലക വച്ച് സ്ട്രോംഗ് റൂം അടച്ച് സീൽ ചെയ്യണമെന്നായിരുന്നു ലിജുവിന്റെ ആവശ്യം. സ്ട്രോങ് റൂമിന്റെ വാതിലിന് പുറത്ത് പലക അടിച്ച് സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകൻ അനുവദിക്കുന്നില്ല. ജില്ലാ തിരഞ്ഞെടുപ്പ് അധികൃതരും കോൺഗ്രസിന്റെ ചീഫ് ഇലക്ഷൻ ഏജന്റും ആവശ്യപ്പെട്ടിട്ടും കേന്ദ്ര നിരീക്ഷകൻ ഇതിന് തയ്യാറാകുന്നില്ലെന്നും ലിജു ആരോപിച്ചിരുന്നു.