മുഖ്യമന്ത്രി അയ്യപ്പന്റെ മുന്നിൽ സാഷ്ടാംഗം നമസ്‌കരിക്കുകയാണ്: പിണറായിയുടെ പേരിൽ ഭാര്യ അമ്പലപ്പുഴയിൽ പാൽപായസം കഴിപ്പിച്ചുവെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: അയ്യപ്പവിശ്വാസികളെ ദ്രോഹിച്ചതുമായി ബന്ധപ്പെട്ട് ഒരു നീറ്റൽ കൊണ്ട് നടക്കുന്ന വോട്ടർമാരുടെ കൂടി വോട്ട് ഇത്തവണ എൻഡിഎയ്ക്ക് ലഭിച്ചെന്ന് വിശ്വസിക്കുന്നതായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.

മുഖ്യമന്ത്രി അയ്യപ്പനെ ഭയപ്പെട്ടു. ഒരു ഘട്ടത്തിൽ അയ്യപ്പന്റെ ശാപം കിട്ടുമോ എന്ന് കൂടി മുഖ്യമന്ത്രിക്ക് തോന്നിയതായി ശോഭാ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.വിശ്വാസവുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസമായ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ബുദ്ധിക്ക് നിരക്കുന്നതല്ലെന്നും അവർ പറഞ്ഞു.

‘മുഖ്യമന്ത്രി അയ്യപ്പനെ ഭയപ്പെട്ടു. ഒരു ഘട്ടത്തിൽ അയ്യപ്പന്റെ ശാപം കിട്ടുമോ എന്ന് കൂടി അദ്ദേഹത്തിന് തോന്നി. എത്ര വലിയ യുക്തിവാദി ആണ് എന്ന് പുറത്തേയ്ക്ക് പറഞ്ഞാലും ഞാൻ കേട്ടിട്ടുള്ളത് മുഖ്യമന്ത്രിയുടെ ഭാര്യ മുഖ്യമന്ത്രിയുടെ പേരിൽ അമ്ബലപ്പുഴയിൽ പാൽപായസം വഴിപാടായി ചെയ്യാൻ ഒരാളെ ഏൽപ്പിച്ചിട്ടുണ്ട് എന്നതാണ്. അത് അവരുടെ സ്വകാര്യ വിഷയമാണ്. എനിക്ക് അതിൽ സന്തോഷം മാത്രമേയുള്ളു.

ഒരു കാര്യം ഉറപ്പാണ്. മുഖ്യമന്ത്രി അയ്യപ്പസ്വാമിയുടെ പേരിൽ സാഷ്ടാംഗം നമസ്‌കരിക്കുന്ന കാഴ്ചയാണ് കണ്ടത്. ദേവഗണങ്ങൾ തങ്ങളുടെ കൂടെയുണ്ട് എന്ന് പറയുമ്ബോൾ അയ്യപ്പനെ ഭയപ്പെട്ടു എന്നത് തന്നെയാണ് വ്യക്തമാകുന്നത്. എന്നാൽ ഇടതുപക്ഷത്തിന്റെ കൂടെ അസുരന്മാർ മാത്രമേയുള്ളൂ’- ശോഭാ സുരേന്ദ്രൻ പറയുന്നു.