തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം അവസാനിച്ചു. ഇതുവരെ 73.58 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി. അന്തിമകണക്ക് പുറത്തുവന്നിട്ടില്ല. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിലാണ് കൂടുതൽ പോളിങ്. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പോളിംഗിനെ അപേക്ഷിച്ച് കുറവാണ്.
2016 ൽ 77.35 ശതമാനം പോളിംഗാണ് ഉണ്ടായത്. മെയ് മാസം രണ്ടിന് ആണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂരും ഏറ്റവും കുറവ് പത്തനംതിട്ടയിലുമായിരുന്നു. കണ്ണൂരിൽ 77.02 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയപ്പോൾ പത്തനംതിട്ടയിൽ 65.05 ശതമാനം പേർ സമ്മതിദാനം വിനിയോഗിച്ചു.
രാവിലെ മുതൽ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര പ്രത്യക്ഷമായി. ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗാണ് ഉണ്ടായത്. ആദ്യ രണ്ടു മണിക്കൂറിൽ രേഖപ്പെടുത്തിയത് 15 ശതമാനം പേർ വോട്ട് ചെയ്തു.
നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലും പോളിങ് നില ഉയർന്നുതന്നെയാണ്. ചിലയിടത്തൊഴികെ വോട്ടെടുപ്പ് സമാധാനപരമാണ്. കഴക്കൂട്ടത്ത് സിപിഎം പ്രവർത്തകരുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ബിജെപി പ്രവർത്തകർക്ക് പരുക്കേറ്റു. ആറന്മുള ചുട്ടിപ്പാറയിൽ സിപിഎം, കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. തളിപ്പറമ്പ് ആന്തൂരിൽ ബൂത്തുകൾ സന്ദർശിച്ച യുഡിഎഫ് സ്ഥാനാർഥിയെ സിപിഎം പ്രവർത്തകർ തടഞ്ഞു. ബൂത്ത് ഏജന്റിന് മർദനമേറ്റു. വോട്ടു ചെയ്യാൻ കാത്തുനിൽക്കുന്നതിനിടെ നാലുപേർ കുഴഞ്ഞുവീണു മരിച്ചു.
തളിപ്പറമ്പിൽ കള്ളവോട്ടിനും ശ്രമമുണ്ടായി. ബൂത്ത് നമ്പർ 110ൽ കള്ളവോട്ടിനെത്തിയ ആളെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തിരിച്ചയച്ചു. സിപിഎം പ്രവർത്തകനെന്ന് യുഡിഎഫ് ആരോപിച്ചു. അറസ്റ്റ് ചെയ്യണമെന്ന ആവശ്യം പൊലീസ് തള്ളി. ഒന്നാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചലഞ്ച് ചെയ്ത യുഡിഎഫ് ബൂത്ത് ഏജന്റിന് മർദനമേറ്റു. അമ്പലപ്പുഴയിൽ ഇരട്ടവോട്ടുള്ളയാളുടെ പേരിൽ വോട്ട് ചെയ്യാനെത്തിയ ആളെ തടഞ്ഞു. ബൂത്ത് നമ്പർ 67ൽ ഹെൽമറ്റ് ധരിച്ചെത്തിയ ആളാണ് കള്ളവോട്ടിന് ശ്രമിച്ചത്.