കോട്ടയം: മരിച്ചയാൾ വോട്ട് പട്ടികയിൽ ഇടം പിടിച്ചപ്പോൾ കുടുംബത്തിലെ ജീവിച്ചിരിക്കുന്ന ആറു പേരെ ഒഴിവാക്കി. കോട്ടയം വിജയപുരം പഞ്ചായത്തിലെ ആറാം വാർഡിലെ താമസക്കാരനായിരുന്ന വടവാതൂർ മേപ്പുറത്ത് എം.കെ.റെജിമോന്റെ ഉൾപ്പെടെ കുടുംബത്തിലെ ആറു പേരുടെ വോട്ടാണ് പട്ടികയിൽ ഉൾപ്പെടാതിരുന്നത്.എന്നാൽ റെജിമോന്റെ മരിച്ചുപോയ പിതാവ് എം.കെ. കേശവന്റെ പേര് വോട്ടർ പട്ടികയിലുണ്ട്.
പോളിംഗ് ദിവസം രാവിലെ റെജിമോനും കുടുംബാംഗങ്ങളും വോട്ട് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് പട്ടികയിൽ നിന്നും പേര് നീക്കം ചെയ്ത വിവരമറിയുന്നത്. തുടർന്ന് അന്വേഷിച്ചപ്പോൾ ഇവർ നാളുകൾക്കു മുമ്പ് ആറാം വാർഡിൽ നിന്നും 13-ാം വാർഡിലേക്ക് താമസം മാറിയതിനാലാണ് വോട്ട് നീക്കം ചെയ്തതെന്നാണ് അധികൃതർ അറിയിച്ചത്.
എന്നാൽ വോട്ട് 13-ാം വാർഡിലേക്ക് മാറ്റാൻ അപേക്ഷ നല്‍കിയിട്ടില്ലെന്നും അപേക്ഷ നല്കിയിരുന്നെങ്കിൽ മരിച്ചു പോയയാളുടെ പേര് മാത്രം എങ്ങനെ ആറാം വാർഡിലെ വോട്ടർ പട്ടികയിൽ നിലനിൽക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നതായും റെജിമോൻ പറഞ്ഞു.