ചങ്ങനാശ്ശേരി: കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നാടിന്റെ അവസ്ഥ മനസിലാക്കി വോട്ട് ചെയ്യണം. ജനാധിപത്യ വ്യവസ്ഥയില്‍ നല്ല ഗവണ്മെന്റ് വരേണ്ടത് അനിവാര്യമെന്നും സുകുമാരന്‍ നായര്‍. ജി സുകുമാരന്‍ നായര്‍ ചങ്ങനാശ്ശേരി വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂളിലെ 115 ആം നമ്പര്‍ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്.
അതേസമയം സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകില്ലെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രസ്താവനയ്ക്കെതിരേ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി.
സുകുമാരൻ നായർക്ക് രാഷ്ട്രീയമുണ്ടെന്ന് വ്യക്തമായി. തെരഞ്ഞെടുപ്പ് ദിനത്തിൽ മറ്റു സമുദായ നേതാക്കള്‍ നടത്താത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും കാനം വിമർശിച്ചു.
ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ എൽഡിഎഫിന് വോട്ടുചെയ്തേനെയെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്ത് തുടർഭരണം ഉറപ്പാണെന്നും കോടിയേരി പറഞ്ഞു.
സ്വാമി അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തേ പറഞ്ഞിരുന്നു.
സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാവില്ലെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയ്ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി. എൽഡിഎഫ് ഇത്തവണ ചരിത്ര വിജയം നേടുമെന്നും പിണറായി അവകാശപ്പെട്ടു.