മലയാറ്റൂർ: ആദ്യം വധുവിൻ്റെ വോട്ട്, പിന്നെ മിന്നുകെട്ട്, വീണ്ടും ബൂത്തിലെത്തി വരൻ്റെ വോട്ട്. താലികെട്ടും വോട്ടും ഒരേ ദിവസമായതിനാൽ ബൂത്തിലും പള്ളിയിലുമായി ഓടുകയായിരുന്നും മലയാറ്റൂരിലെ വധൂവരന്മാർ. കല്യാണമാണെങ്കിലും വോട്ടു കളയില്ലെന്ന ദൃഢനിശ്ചയത്തിലായിരുന്നു ഇവർ.
മലയാറ്റൂർ പാലാട്ടി സെബിയും അർണാട്ടുകര ചാലിശ്ശേരി റോസ്മിക്കുമാണ് വിവാഹദിനത്തിൽ തന്നെ വോട്ടു രേഖപ്പെടുത്താനുള്ള സുവർണ അവസരം ലഭിച്ചത്. റോസ്മിക്ക് അരണാട്ടുകര തരകൻസ് സ്കൂളിലായിരുന്നു വോട്ട്. ആദ്യം വോട്ടു ചെയ്യാനാണ് റോസ്മി എത്തിയത്. വോട്ട് ചെയ്തതിനു ശേഷമാണ് ഒരുങ്ങി താലികെട്ടിനായി സെബിയുടെ നാടായ മലയാറ്റൂരിലേക്ക് പുറപ്പെട്ടത്.
മലയാറ്റൂർ സെൻ്റ് തോമസ് ചർച്ചിലായിരുന്നു വിവാഹം. 11.30 ഓടെ വിവാഹ ചടങ്ങുകൾ പൂർത്തിയായി. താലികെട്ടിനു ശേഷം ഇരുവരും വീണ്ടും ബൂത്തിലേക്കെത്തി. സെബിൻ്റ വോട്ട് രേഖപ്പെടുത്താനാണ് വീണ്ടും ബൂത്തിലെത്തിയത്.
സെൻ്റ് തോമസ് സ്കൂളിലെത്തി സെബിയും വോട്ടു ചെയ്തു. വിവാഹ ദിനത്തിലും വോട്ടു രേഖപ്പെടുത്തി മാതൃകയായ വധൂവരന്മാർ ഉച്ചയോടെ മറ്റു വിവാഹത്തിരക്കുകളിലേക്കു മടങ്ങി.