തിരുവനന്തപുരം: ജനങ്ങൾക്ക് ഉപകാരം ചെയ്യുന്ന ഇടത് സർക്കാറിന് അയ്യപ്പന്‍റെയും ദേവഗണങ്ങളുടെയും പിന്തുണയുണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്ക് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. ശബരിമലയിൽ വിശ്വാസ ആദർശങ്ങളും അംഗീകരിച്ച് കൊണ്ട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപിച്ചത് യു.ഡി.എഫാണ്.
വിശ്വാസ, ആചാര, അനുഷ്ടാനങ്ങൾക്കെതിരായി സത്യവാങ്മൂലം സമർപിച്ചത് പിണറായി വിജയനാണ്. അത് ഇപ്പോഴും പിൻവലിച്ചിട്ടില്ല. അതാണ് സുപ്രീം കോടതിയിൽ ഇപ്പോഴും നിലനിൽക്കുന്നത്. പിൻവലിക്കാൻ പറയുമ്പോൾ നിഷേധാത്മകമായ മറുപടിയാണ് നൽകിയതെന്ന കാര്യം ആരും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്തെ പിണറായിയുടെ ഇത്തരമൊരു നിലപാട് അത്ഭുതപ്പെടുത്തി. എൻ.എസ്.എസ് ശബരിമല വിഷയത്തിൽ എല്ലാകാലത്തും ഒരേ നിലപാടാണ് എടുത്ത് പോന്നത്. അവരെ വിമർശിക്കുന്ന നടപടിയായിരുന്നു പിണറായി കൈകൊണ്ടുപോന്നത്. പരാജയ ഭീതി മൂലമാണ് എല്ലാകാലത്തും എതിർ നിലപാടെടുത്ത് വോട്ടെടുപ്പ് ദിനം മാറ്റിപറയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തത്.
ശബരിമലയിൽ സാധ്യമായതെല്ലാം യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ചെയ്യും. കോൺഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പി സ്വപ്നം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്‍റെ ശക്തമായ തിരിച്ചുവരവിന് കേരളം തുടക്കം കുറിക്കുമെന്നും കോൺഗ്രസില്ലാത്ത ഭാരതം മോദിയുടെയും ബി.ജെ.പിയുടെയും സ്വപ്നം മാത്രമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.