ന്യൂഡെൽഹി: ഇന്ത്യയിൽ മാത്രം 61 ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. 50 കോടിയിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായുള്ള റിപ്പോർട്ടുകൾ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിലാണ് 61 ലക്ഷം ഇന്ത്യൻ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളുമുണ്ടെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇന്ത്യയിലെ 6.1 മില്ല്യൺ ആളുകളുടെയും യുഎസിലെ 32.3 മില്ല്യൺ ആളുകളുടെയും യുകെയിലെ 11.5 മില്ല്യൺ ആളുകളുടെയും ഓസ്‌ട്രേലിയയിലെ 7.3 മില്ല്യൺ ആളുകളുടെയും ഫേസ്ബുക്ക് വിവരങ്ങൾ ചോർന്നിട്ടുണ്ട്. പേരും, ഫോൺ നമ്പരുകളും അടക്കമുള്ള വ്യക്തിവിവരങ്ങളും ചോർന്നവയിൽ ഉൾപ്പെടുന്നു.
സൈബർ സെക്യൂരിറ്റി സ്ഥാപനമായ ഹഡ്‌സൺ റോക്കാണ് ലോകമെമ്പാടുമുള്ള 50 കോടിയിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായുള്ള വിവരം പുറത്തുവിട്ടത്. അതേസമയം, ഹാക്കർ ചോർത്തിയ വിവരങ്ങൾ ഏറെ പഴക്കമുള്ളതാണെന്നും 2019 ൽ പരിഹരിച്ച ഒരു പ്രശ്നത്തിന്റെ ഭാഗമാണെന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചു.
അതിനിടെ വിവരങ്ങൾ ഹാക്കർ വഴി ചോർന്ന സാഹചര്യത്തിൽ വരും മാസങ്ങളിൽ ഇവ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും സൈബർ കുറ്റകൃത്യ സ്ഥാപനമായ ഹഡ്‌സൺ റോക്കിലെ ആലൺ ഗാൽ മുന്നറിയിപ്പ് നൽകി.