വോട്ട് ചെയ്യാൻ പോകുമ്പോൾ പേന കയ്യിൽ കരുതുക; വോട്ടർമാർക്ക് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാവരും കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു തന്നെ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണം. പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഉൾപ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

പ്രായമുള്ളവർക്കും ഗുരുതര രോഗമുള്ളവർക്കും കൊറോണ ബാധിച്ചാൽ സങ്കീർണമാകും. അതിനാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പുലർത്തിയ ജാഗ്രത തുടരേണ്ടതാണ്. എല്ലാവരും സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും ശ്രദ്ധിക്കണം. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

വീട്ടിൽ നിന്നിറങ്ങുന്നത് മുതൽ തിരികെയെത്തുന്നതു വരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം.
കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ട് പോകരുത്.
രജിസ്റ്ററിൽ ഒപ്പിടുന്നതിനുള്ള പേന കയ്യിൽ കരുതുക.
പരിചയക്കാരെ കാണുമ്പോൾ മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്.

ആളുകളോട് സംസാരിക്കുമ്പോൾ ആറ് അടി സാമൂഹിക അകലം പാലിക്കണം.
പോളിങ് ബൂത്തിൽ കൂട്ടം കൂടി നിൽക്കരുത്. ക്യൂവിൽ നിൽക്കുമ്പോഴും മുമ്പിലും പിന്നിലും 6 അടി സാമൂഹ്യ അകലം പാലിക്കണം.
ഒരാൾക്കും ഷേക്ക് ഹാൻഡ് നൽകാനോ ദേഹത്ത് തൊട്ടുള്ള സ്‌നേഹപ്രകടനങ്ങൾ നടത്താനോ പാടില്ല.

പനി, തുമ്മൽ, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ മാത്രം വോട്ട് ചെയ്യുവാൻ പോകുക. അവർ ആൾക്കൂട്ടത്തിൽ പോകരുത്.

ഗുരുതര രോഗമുള്ളവർ തിരക്ക് കുറഞ്ഞ സമയത്ത് മാത്രം പോയി വോട്ട് രേഖപ്പെടുത്തേണ്ടതാണ്.
വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്ബോഴും പുറത്തേയ്ക്ക് പോകുമ്ബോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം.

പോളിംഗ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്.
അടച്ചിട്ട മുറികളിൽ വ്യാപന സാധ്യത കൂടുതലാണ്. ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരും വോട്ടർമാരും ശാരീരിക അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വോട്ട് ചെയ്തശേഷം ഉടൻ തന്നെ തിരിച്ച്‌ പോകുക.
വീട്ടിലെത്തയാലുടൻ കൈകൾ സോപ്പ് ഉപയോഗിച്ച്‌ വൃത്തിയായി കഴുകണം. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ദിശ 1056 ൽ വിളിക്കാവുന്നതാണ്.