മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ പ്രമുഖരുടെ ഉപജാപം; എഐടിയുസിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മാക്ട ഫെഡറേഷന്‍ ഐഎന്‍ടിയുസി യൂണിയനില്‍ ലയിക്കുന്നു

കൊച്ചി: എഐടിയുസി യൂണിയനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്ന മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ മാക്ട ഫെഡറേഷന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐഎന്‍ടിയുസി യൂണിയനില്‍ ലയിക്കുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരില്‍ നിന്നും സിനിമ വ്യവസായത്തിന് വേണ്ട സഹായമെന്നും ലഭിക്കാത്തതിനാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി എഐടിയുസി യൂണിയനില്‍ മാക്ട ഫെഡറേഷന്‍ അംഗത്വം പുതുക്കിയിട്ടില്ല.

ഫെഡറേഷന്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസും ഐഎന്‍ടിയുസിയുമായുള്ള ധാരണകളെ തുടര്‍ന്ന് മാക്ടഫെഡറേഷന്റെ 19യൂണിയനുകളും ഐഎന്‍ടിയുസി യൂണിയനില്‍ ലയിക്കാന്‍ ധാരണയായി. 6300 അംഗങ്ങളുണ്ട്.

ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനുമായി നടത്തിയചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 140 നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ സംസ്ഥാന ജന.സെക്രട്ടറി ബൈജു കൊട്ടാരക്കര, വര്‍ക്കിംഗ് പ്രസിഡന്റ് അജ്മല്‍ ശ്രീകണ്ഠാപുരം, ജോ.സെക്രട്ടറി അസീസ് പാലക്കാട്, മേക്കപ്പ് യൂണിയന്‍ സെക്രട്ടറി രാജന്‍ മാസ്‌ക് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസുമാായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ ചില പ്രമുഖര്‍ നടത്തിയ ഉപജാപകപ്രവര്‍ത്തനം നടത്തിയിരുന്നുവെന്ന് ബൈജു കൊട്ടാരക്കാര ആക്ഷേപിച്ചു. മാക്ട ഫെഡറേഷനു വേണ്ടി സമര്‍പ്പിക്കപ്പെട്ട ആവശ്യങ്ങള്‍ നടപ്പിലാക്കാതിരിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നുവെന്നും ബൈജു ആക്ഷേപിച്ചു.