ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ വിണ്ടും ബിജെപിക്കെതിരെ വിമർശനവുമായി നടനും മക്കൾ നീതിമയ്യം നേതാവുമായ കമൽ ഹാസൻ. തെരഞ്ഞെടുപ്പടുത്തിരിക്കെ ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാരം പ്രഖ്യാപിച്ചതിൽ രാഷ്ട്രീയമുണ്ടായിരിക്കാമെന്നും കമൽ പറഞ്ഞു. ബിജെപിയുമായി ഒരുക്കലും സഖ്യത്തിനില്ല. ബിജെപിക്ക് തന്നെ പണം കൊടുത്ത് വാങ്ങാനാകില്ല.
രജനികാന്ത് പുരസ്‌കാരം അർഹിക്കുന്ന വ്യക്തിയാണ്. ഈ സർക്കാരല്ല, മറ്റേത് സർക്കാരാണെങ്കിലും അദ്ദേഹത്തിന് പുരസ്‌കാരം ലഭിക്കേണ്ടത് തന്നെയാണ്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുരസ്‌കാര പ്രഖ്യാപനം നടത്തിയതിൽ രാഷ്ട്രീയമുണ്ടായിരിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.
തമിഴ്‌നാട്ടിലെ രണ്ട് ദ്രാവിഡ പാർട്ടികളും തമ്മിൽ വലിയ വ്യത്യസമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഒന്നും നടന്നില്ല. സഖ്യത്തിനായി കോൺഗ്രസും കമ്മ്യണിസ്റ്റും തന്നെയാണ് സമീപിക്കേണ്ടത്. താൻ അങ്ങോട്ടല്ല പോകേണ്ടത്.
തമിഴ്‌നാട്ടിലെ ഗ്രാമീണ മേഖലകളിലേക്ക് ഇറങ്ങി, അവരുമായും താൻ സംവദിച്ചിരുന്നു. എല്ലാവരും മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിനായാണ് താൻ പരിശ്രമിക്കുന്നതെന്നും കമൽ പറഞ്ഞു.നിയമസഭയിലെത്തി ഒറ്റയ്ക്ക് നിൽക്കേണ്ടി വന്നാൽ അങ്ങനെ തന്നെ നിൽക്കും. അത് വാശിയല്ല, പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ്.അതിൽ തെറ്റില്ല. എനിക്ക് പാർട്ടിയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.