മുംബൈ: കൊറോണ കേസുകള്‍ ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ പുനെയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരാഴ്ചക്കാലത്തേയ്ക്ക് നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. വൈകീട്ട് ആറുമണിമുതല്‍ രാവിലെ ആറുവരെയാണ് നിയന്ത്രണം.വരുന്ന ഏഴു ദിവസം ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഷോപ്പിംഗ് മാളുകളും ആരാധനാലായങ്ങളും തിയേറ്ററുകളും ഈസമയത്ത് അടഞ്ഞുകിടക്കുമെന്ന് പുനെ ഡിവിഷണല്‍ കമ്മീഷണര്‍ സൗരഭ് റാവു അറിയിച്ചു.
ഇന്നലെ മാത്രം പുനെയില്‍ 8000ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റദിവസം ഇത്രയുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. സ്ഥിതി ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്. നൈറ്റ് കര്‍ഫ്യൂ സമയത്ത് ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കള്‍ക്ക് വേണ്ടി ഹോം ഡെലിവറിയുടെ സഹായം തേടാവുന്നതാണ്.
പുനെ ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളില്‍ കൊറോണ രൂക്ഷമാണ്. മുംബൈയിലും ഇന്നലെ 8000ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയി്ല്‍ ഇന്നലെ മാത്രം 40000ലധികം പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.
നിലവില്‍ പുനെയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സ്ഥിതിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പരിശോധനകളുടെ എണ്ണം ഉയര്‍ത്തിയും ട്രേസിങ്ങും വാക്‌സിനേഷനും വേഗത്തിലാക്കിയും കോവിഡിനെ നിയന്ത്രണവിധേയമാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.