‘കുലംകുത്തിയെ തിരിച്ചറിയണം’ ; ജോസ് കെ മാണിക്കെതിരെ പാലായിൽ പോസ്റ്റർ

പാല: ജോസ് കെ മാണിക്കെതിരെ പാലയിൽ വ്യാപക പോസ്റ്ററുകൾ. ജോസ് കെ മാണി കുലംകുത്തിയാണെന്നും പോളിംഗ്ബൂത്തിൽ ചെല്ലുമ്പോൾ ഇക്കാര്യം ഓർമിക്കണമെന്നുമാണ് സേവ് സി പി എം ഫോറത്തിന്റെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നത്. പാലാ നഗരസഭയിൽ ഇന്നലെ സി.പി.എം-കേരള കോൺഗ്രസ്(എം) കൗൺസിലർമാർ തമ്മിലുള്ള കയ്യാങ്കളിക്ക് ശേഷമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

ശക്തമായ മത്സരം നടക്കുന്ന പാലായിലെ വിജയം ജോസ് കെ മാണിയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമാണ്. തിരഞ്ഞെടുപ്പ് വിജയത്തിന് ഇപ്പോഴത്തെ പ്രശ്നങ്ങൾ ഇടയാക്കുമോ എന്ന ഭയം അവർക്കുണ്ട്. പാലായിലെ വിജയം സി പി എമ്മിനും അഭിമാന പ്രശ്നം തന്നെയാണ്. അതിനാൽ എല്ലാം ഒതുക്കി തീർക്കാനുള്ള ശ്രമങ്ങൾ സി പി എം ശക്തമാക്കിയിട്ടുണ്ട്.

അടിപിടിക്ക് തൊട്ടുപിന്നാലെ കൗൺസിലർമാരുടെയും മുതിർന്ന നേതാക്കളുടെയും യോഗം ഇരുപാർട്ടികളും വിളിച്ചുചേർത്തിരുന്നു. യാതൊരു പ്രകോപനത്തിലേക്കും പോകരുതെന്ന് കർശന നിർദേശവും നൽകിയിരുന്നു. അതിനിടയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇത് സി പി എം കേന്ദ്രങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്.

പാലാ നഗരസഭയിലെ കൈയ്യാങ്കളി സംഭവം നിർഭാഗ്യകരമായിപ്പോയെന്ന് സിപിഎം ജില്ലാ നേതൃത്വവും നിലപാടെടുത്തു. തെരഞ്ഞെടുപ്പ് സമയത്ത് പ്രവർത്തകർ ജാഗ്രത കാണിക്കണമായിരുന്നു എന്ന് സിപിഎം ജില്ലാ സെക്രട്ടറി എവി റസ്സൽ പറഞ്ഞു. കയ്യാങ്കളി സംഭവത്തിൽ എൽഡിഎഫ് കൗൺസിലർമാരെ താക്കീത് ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് ശേഷം സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കി.