കാശ്‌മീർ വിഷയത്തിൽ ഇന്ത്യക്ക് പിന്തുണയുമായി അമേരിക്ക

വാഷിംഗ്‌ടൺ ഡിസി: കാശ്‌മീർ വിഷയത്തിൽ ഇന്ത്യക്ക് പിന്തുണയേകുന്ന റിപ്പോർട്ടുമായി ബൈഡ‌ൻ ഭരണകൂടം. ഭരണമേ‌റ്റെടുത്ത ശേഷം ആദ്യമായി പുറത്തിറക്കിയ അമേരിക്കയുടെ മനുഷ്യാവകാശ റിപ്പോർട്ടിലാണ് ഇന്ത്യൻ സർക്കാർ ജമ്മു കാശ്‌മീർ വിഷയത്തിൽ സാധാരണ നില പുനസ്ഥാപിക്കാൻ നന്നായി നടപടികളെടുക്കുന്നതായി പറയുന്നത്. ഇന്ത്യയിലെ മാത്രമല്ല ലോകമാകെയുള‌ള മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും റിപ്പോർട്ടിലുണ്ട്.

ഉയ്‌ഗർ മുസ്ളീങ്ങൾക്കെതിരെ ചൈന നടപ്പാക്കുന്ന വംശഹത്യ, പ്രതിഷേധക്കാർക്കും രാഷ്‌ട്രീയ എതിരാളികൾക്കും എതിരെ റഷ്യൻ സർക്കാർ സ്വീകരിക്കുന്ന കടുത്ത നടപടികൾ, സിറിയയിൽ ബാഷർ അൽ അസദ് സ്വന്തം ജനതയ്‌ക്ക് നേരെ നടത്തുന്ന അക്രമങ്ങളും അമേരിക്കൻ മനുഷ്യാവകാശ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഉയ്‌ഗർ വംശജർക്ക് നേരെ ചൈന വംശഹത്യയും, വിസ നിയന്ത്രണങ്ങളും, കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും നടത്തുന്നതായി റിപ്പോർട്ടിലുണ്ട്.

അറസ്‌റ്റിലായിരുന്ന പല രാഷ്‌ട്രീയ തടവുകാരെയും വിട്ടയച്ചു. സുരക്ഷ- ആശയവിനിമയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഇന്റർനെ‌റ്റ് സംവിധാനങ്ങൾ ജനുവരിയിൽ ഭാഗികമായി പുനസ്ഥാപിച്ചു. ‘എങ്കിലും അതിവേഗ 4ജി ഇന്റർ‌നെ‌റ്റ് ഇപ്പോഴും ജമ്മു കാശ്‌മീരിൽ പലയിടത്തും ലഭ്യമായിട്ടില്ല.’ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും റിപ്പോർട്ടിലുണ്ട്.

പൊലീസ് കസ്‌റ്റഡിയുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങൾ, മാദ്ധ്യമ സ്വാതന്ത്ര്യത്തിനും സർ‌ക്കാർ തലത്തിലെ നിയന്ത്രണങ്ങൾക്കും വനിതകൾക്ക് നേരിടുന്ന പ്രശ്‌നങ്ങളും റിപ്പോർട്ടിലുണ്ട്. എന്നാൽ അമേരിക്കയിൽ നടക്കുന്ന പ്രശ്‌നങ്ങളും റിപ്പോർട്ടിൽ കുറിക്കുന്നുണ്ട്. രാജ്യത്തെ അസമത്വത്തിനും വർണവിവേചനത്തിനെതിരെയും പൊരുതേണ്ടതുണ്ടെന്നും ഈ പ്രശ്‌നങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും റിപ്പോർട്ട് പുറത്തുവിട്ട സെക്രട്ടറി ഓഫ് സ്‌റ്റേ‌റ്റ്സ് ആന്റണി ബ്ളിങ്കെൻ അഭിപ്രായപ്പെട്ടു.