പാലക്കാട് : വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡനത്തിനിരയാകുകയും ദുരൂഹസാഹചര്യത്തിൽ മരിക്കുകയും ചെയ്ത കേസ് സിബിഐ ഏറ്റെടുത്തു. തിരുവനന്തപുരം യൂണിറ്റ് ഡിവൈ എസ് പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്ത സിബിഐ പാലക്കാട് പോക്സോ കോടതിയിൽ രണ്ട് എഫ്ഐആറുകള്‍ സമർപ്പിച്ചു.
വാളയാറിലെ സഹോദരിമാരുടെ മരണത്തിൽ നാല് പ്രതികള്‍ക്കെതിരെ രണ്ട് എഫ്ഐആറുകളാണ് പോക്സോ കോടതിയിൽ സിബിഐ സമർപ്പിച്ചത്. 13 വയസ്സുള്ള പെൺകുട്ടിയെ 2017 ജനുവരി 13 നും 9 വയസ്സുള്ള സഹോദരിയെ 2017 മാർച്ച് 4നും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതയാണു കേസിന് ആധാരം.
ബലാത്സംഗം, വീട്ടിൽ അതിക്രമിച്ചു കയറൽ, ആത്മഹത്യ പ്രേരണ, പോക്സോ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് കേസ്. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട വാളായർ പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സർക്കാർ വിജ്ഞാപനം ഇറക്കിയെങ്കിലും നടപടിക്രമങ്ങള്‍ വൈകുന്നത് ചോദ്യം ചെയ്ത് അമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
വാളയാറിലെ സഹോദരിമാരുടെ ദുരൂഹത മരണത്തിൽ അഞ്ചുപേർക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത ഒരു പ്രതി ഉൾപ്പെടെ മറ്റ് നാലു പ്രതികളെ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടതോടെയാണ് വാളയാർ കേസ് ഏറെ വിവാദമായത്. വിചാരണക്കിടെ ചേർത്തല സ്വദേശി പ്രദീപ് ആത്മഹത്യ ചെയ്തു.
കേസന്വേഷണത്തിലും വിചാരണയിലും ഉൾപ്പെടെ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ജുഡിഷ്യൽ അന്വേഷണത്തിലും കണ്ടെത്തിയിരിക്കുന്നത്. കേസിൽ തുടരന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ നാലു പ്രതികളെ വീണ്ടും കസ്റ്റഡയിലെക്കാൻ കോടതി ഉത്തരവിട്ടു.
എം.മധു എന്ന പ്രതിക്ക് ഹൈക്കോടതി ജാമ്യം നൽകി. വിമധു, ഷിബു എന്നീ പ്രതികള്‍ ജയിയിലും, പ്രായപൂർത്തിയാകാത്ത പ്രതി ജുവനൈൽ ഹോമിലുമാണ്. പ്രതികളെ കസ്റ്റഡയിൽ വാങ്ങി സിബിഐ ചോദ്യം ചെയ്യും.