അമേരിക്കയിൽ എച്ച്‌-1 ബി വിസയുടെ നിരോധനം പിൻവലിക്കാൻ ബൈഡന്റെ അനുമതി; ഇന്ത്യക്കാർക്ക് ആശ്വാസം

ന്യൂഡെൽഹി: എച്ച്‌-1 ബി വിസയ്ക്ക് അമേരിക്കയിൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കാൻ പ്രസിഡൻ്റ് ജോ ബൈഡൻ അനുമതി നൽകി. എച്ച്‌-1 ബി വിസയ്ക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കുന്നതിലൂടെ ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് കൂടുതൽ ആശ്വാസമാകും. കഴിഞ്ഞ വർഷം ജൂണിലായിരുന്നു ട്രംപ് വിദേശ തൊഴിലാളികൾക്ക് വിലക്കേർപ്പെടുത്തിയത്.

കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ യുഎസിൽ രാജ്യവ്യാപകമായി ലോക്ഡൗൺ ഏർപ്പെടുത്തിയതിനും പിന്നാലെയായിരുന്നു താൽക്കാലിക അല്ലെങ്കിൽ കുടിയേറ്റേതര വിസ വിഭാഗങ്ങളിൽ അപേക്ഷകരെ പ്രവേശിക്കുന്നത് നിരോധിക്കാൻ പ്രസിഡൻ്റ് ട്രംപ് ഉത്തരവിട്ടിരുന്നത്. ഇന്ത്യക്കാർക്കിടയിൽ പ്രചാരത്തിലുള്ള എച്ച്‌-1 ബി വിസയെയും ഇത് ബാധിച്ചിരുന്നു.

സാമ്പത്തിക വീണ്ടെടുക്കലിനിടെ ഈ വിസകൾ യുഎസ് തൊഴിലിടങ്ങളിൽ അപകടസാധ്യത സൃഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ട്രംപ് നിരോധനം ഏർപ്പെടുത്തിയത്. പിന്നീട് ഡിസംബർ 31ന് പ്രസിഡന്റ് ട്രംപ് 2021 മാർച്ച്‌ 31 വരെ നിരോധന ഉത്തരവ് നീട്ടിയിരുന്നു.

വൈറസ് വ്യാപനം അമേരിക്കയുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്നത് തുടരുന്നതിനാൽ ഈ വിപുലീകരണം ആവശ്യമാണെന്നും ഉയർന്ന തൊഴിലില്ലായ്മ ഇപ്പോഴും ഗുരുതരമായ സാമ്പത്തിക വെല്ലുവിളികൾ ഉയർത്തുന്നുവെന്നതിൻ്റെയും പശ്ചാതലത്തിലായിരുന്നു ട്രംപിന്റെ തീരുമാനം. ട്രംപിന്റെ കുടിയേറ്റ നയങ്ങൾ ക്രൂരമാണെന്ന് ആരോപിച്ചുകൊണ്ടു എച്ച്‌-1 ബി വിസയ്ക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കുമെന്ന് ജോ ബൈഡൻ വാഗ്ദാനം ചെയ്തിരുന്നു.

എച്ച്‌-1 ബി വിസ എന്നാൽ സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനിയുടെ അനുവദിക്കുന്ന കുടിയേറ്റേതര വിസയാണ് എച്ച്‌-1 ബി വിസ. ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിൽ നിന്ന് ഓരോ വർഷവും ജീവനക്കാരെ നിയമിക്കന്നതിനായി ഈ വിസയെ ആശ്രയിച്ചിരുന്നു. യുഎസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരിൽ വലിയ ഭഗം ആളുകളും എച്ച്‌-1 ബി വിസ കൈവശമുള്ളവരാണ്. കഴിഞ്ഞ വർഷം ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ എച്ച്‌-1 ബി വിസ, തൊഴിൽ അടിസ്ഥാനമാക്കിയുള്ള വിസകൾക്ക് ഏർപ്പെടുത്തിയ വിലക്ക് വൈറ്റ് ഹൗസ് പുതുക്കില്ലെന്ന് വാൾസ്ട്രീറ്റ് ജോണൽ റിപ്പോർട്ടിൽ പറയുന്നു.