ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മയ്ക്ക് എതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഡിഎംകെയുടെ മുതിർന്ന നേതാവ് എ രാജയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ. സ്ത്രീവിരുദ്ധ പരാമർശത്തിനെതിരായ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ. അടിയന്തരമായി എ രാജയോട് വിശദീകരണം നൽകാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയ്ക്കിടെയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും അദ്ദേഹത്തിെൻ്റെ അമ്മയ്ക്കുമെതിരെ എ രാജ മോശം പരാമർശം നടത്തിയത്. രാജയുടെ പരാമർശത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിലടക്കം വലിയ പ്രതിഷേധമാണുയർത്തിയത്.
ഡിഎംകെയുടെ താരപ്രചാരകരുടെ പട്ടികയിൽപ്പെട്ടയാളാണ് എ രാജ. ”ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിങ്ങൾ നടത്തിയ പ്രസംഗം അപകീർത്തികരം മാത്രമല്ല, മാതൃത്വത്തിനും കളങ്കം വരുത്തുന്നതാണ്, സ്ത്രീകളെ തീർത്തും മോശമായി ചിത്രീകരിക്കുന്നതുമാണ്. ഇത് മാതൃകാപെരുമാറ്റച്ചട്ടലംഘനമാണ്”, തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നോട്ടീസിൽ പറയുന്നു.