ബെംഗളൂരു: ബംഗളൂരുവിൽ കെംപെഗൗഡ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള ടാക്സി സർവീസുകൾ തടസപ്പെട്ടു. ടാക്സി ഡ്രൈവറുടെ ആത്മഹത്യയെ തുടർന്ന് ടാക്സി ഡ്രൈവർമാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് ടാക്സി സർവീസുകൾ നിലച്ചത്.
ഒല, യൂബർ, കെഎസ്ടിഡിസി തുടങ്ങിയ ടാക്സി സർവീസുകളാണ് മുടങ്ങിയത്. ഇതോടെ വിമാനത്താവളത്തിൽനിന്ന് പോകുന്നവരും വരുന്നവരും സ്വന്തംനിലയ്ക്ക് യാത്രമാർഗം ഉറപ്പുവരുത്തുകയോ ബിഎംടിസി ബസ് സർവീസുകൾ ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്ന് വിമാനത്താവള അധികൃതർ അഭ്യർഥിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് ടാക്സി ഡ്രൈവറായ പ്രതാപ് ഗൗഡ കെംപെഗൗഡ വിമാനത്താവളത്തിൽ ജീവനൊടുക്കിയത്. കാറിനുള്ളിൽ തീകൊളുത്തിയ പ്രതാപ് ഗൗഡയെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരിച്ചു. ഇതിനുപിന്നാലെയാണ് വിമാനത്താവളത്തിലെ മറ്റു ടാക്സി ഡ്രൈവർമാർ പണിമുടക്ക് ആരംഭിച്ചത്.