ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ അസംബന്ധമെന്ന് ഇഡി ഹൈക്കോടതിയില്‍; തെളിവുകള്‍ നശിപ്പിക്കുന്നുവെന്ന് സര്‍ക്കാര്‍

കൊച്ചി: പരസ്പരം ആരോപണമുന്നയിച്ച് എന്‍ഫോഴ്‌സ്‌മെൻ്റും സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ അസംബന്ധമാണെന്ന് ഇഡി വാദിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ തെളിവുകള്‍ നശിപ്പിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും കേന്ദ്ര ഏജന്‍സിയായ ഇഡിയുടെ അന്വേഷണം ശരിയായ രീതിയില്‍ ആണോ എന്നാണ് സംസ്ഥാന പൊലീസ് അന്വേഷിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

അന്വേഷണത്തിന്റെ കേസ് ഡയറി കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്ന് ഇഡി ഹൈക്കോടതിയിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിന് വിശദാംശങ്ങളും കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നാണ് ഇഡിയുടെ അപേക്ഷ.

എൻഫോഴ്സ്മെന്‍റിനെതിരായ ക്രൈംബ്രാ‍ഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ പി രാധാകൃഷ്ണനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കള്ളപ്പണകേസിൽ പ്രമുഖരുടെ പേര് പുറത്ത് വന്നതിന് പിറകെയാണ് ഇഡി യ്ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തതെന്നാണ് ഇഡി വിശദീകരിക്കുന്നത്. സ്വർണ്ണക്കടത്ത് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം കേസിന് പിന്നിൽ ഉണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.

അതേസമയം ഹർജിയുടെ പേരിൽ സംസ്ഥാന നേതാക്കൾക്കെതിരെ ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും ഇഡി പുറത്ത് വിടുന്നത് ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് സർക്കാർ നിലപാട്. ഇഡിയ്ക്കെതിരെ കേസ് എടുത്തത് പ്രാഥമിക അന്വഷണം പൂർത്തിയാക്കിയതിന് ശേഷമാണ്. സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ പുറത്ത് വന്നതിൽ അന്വേഷണം ആവശ്യപ്പെട്ടതും ഇഡി ആണെന്നും സർക്കാർ കോടതിയെ അറയിച്ചിട്ടുണ്ട്.