ആഴക്കടൽ മത്സ്യബന്ധന വിവാദം; തലയൂരാൻ ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദാക്കിയെന്ന് സർക്കാർ; രേഖകൾ പുറത്ത്

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിനായി അമേരിക്കൻ കമ്പനി ഇഎംസിസിയുമായി ഒപ്പിട്ട 5000 കോടിയുടെ ധാരണാപത്രം റദ്ദാക്കിയെന്ന് സർക്കാർ രേഖകൾ. കഴിഞ്ഞ മാസം 24 ന് ധാരണാപത്രം റദ്ദാക്കാൻ മന്ത്രി നിർദ്ദേശം നൽകിയെന്നും 26 ന് ധാരണാപത്രം റദ്ദാക്കി ഉത്തരവിറക്കിയെന്നുമാണ് വിശദീകരണം. ധാരണാപത്രം റദ്ദാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിന് പിന്നാലെയാണ് രേഖകൾ പുറത്തുവന്നത്.

വ്യവസായമന്ത്രി ഇ.പി. ജയരാജൻ തന്നെയാണ് തന്റെ വകുപ്പിന് കീഴിലെ കെ.എസ്.‌ഐ.ഡി.സി ഒപ്പിട്ട ധാരണാപത്രം റദ്ദാക്കാൻ നിർദ്ദേശിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി 28ന് അസൻഡ് നിക്ഷേപക സംഗമത്തിൽ ഇ.എം.സി.സിയുമായി ഒപ്പിട്ട ധാരാണപത്രമാണ് റദ്ദാക്കിയത്. കെഎസ്ഐഡിസി എംഡി രാജമാണിക്യമാണ് ധാരണാപത്രം റദ്ദാക്കി കൊണ്ടുള്ള ഉത്തരവിറക്കിയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഴിമതി ആരോപണം ഉന്നയിച്ചതോടെയാണ് കരാർ റദ്ദാക്കാൻ കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചത്. കെ.എസ്.ഐ.എൻ.സിയും ഇം.എം.സി.സിയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടതിനെ കുറിച്ച്‌ അറിയില്ലെന്നായിരുന്നു ഇതുസംബന്ധിച്ച്‌ സർക്കാരിന്റെ നിലപാട്. വിവാദം കത്തിപ്പടർന്നതോടെ ധാരണാപത്രം റദ്ദാക്കുമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഐ.എൻ.സി ഫെബ്രുവരി 22ന് സർക്കുലറും ഇറക്കി.

എന്നാൽ, ഒരു മാസം പിന്നിട്ടും കരാർ റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് ഇതുവരെ സർക്കാർ പുറത്തിറക്കിയിട്ടില്ല. കരാർ റദ്ദാക്കിയുള്ള ഉത്തരവ് ഇറങ്ങാത്തതിനാൽ തന്നെ പഴയ വ്യവസ്ഥകൾ എല്ലാം തന്നെ അതുപോലെ നിലനിൽക്കുകയാണ്. അമേരിക്കൻ കമ്ബനിക്ക് നയവിരുദ്ധമായി കേരള ആഴക്കടൽ തീരത്ത് മീൻപിടിത്തത്തിന് അനുമതി നൽകിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.