മെഡിസെപ് പദ്ധതിയ്ക്ക്‌ സർക്കാറിന് അനുമതി നൽകി ഹൈക്കോടതി

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കുമുള്ള സൗജന്യ ചികിത്സ പദ്ധതിയായ മെഡിസെപ് പദ്ധതി തുടങ്ങാൻ സർക്കാറിന് ഹൈക്കോടതി അനുമതി. പദ്ധതി നടപ്പാക്കുന്നതിനെതിരെ റിലയൻസ് ഇൻഷുറൻസ് കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി.

2019 ൽ റിലയൻസ് ഇൻഷുറൻസ് കമ്പനിയെ ആയിരുന്നു പദ്ധതിയ്ക്ക് ആദ്യം തെരഞ്ഞെടുത്തത്. എന്നാൽ ചികിത്സ നൽകാനുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ ഒരുക്കുന്നതിൽ റിലയൻസ് കമ്പനിയ്ക്ക് കഴിഞ്ഞില്ല.

ഇതേ തുടർന്ന് സർക്കാർ കരാർ റദ്ദാക്കുകയും വീണ്ടും പദ്ധതിയ്ക്കായി താൽപ്പര്യപത്രം ക്ഷണിക്കുകയുമായിരുന്നു. നേരത്തെ പരാജയപ്പെട്ട റിലയൻസിനെ ഇതിൽ പങ്കെടുക്കുന്നതിൽ നിന്ന് സർക്കാർ വിലക്കിയിരുന്നു. ഈ നടപടി തെറ്റാണെന്നായിരുന്നു കമ്പനിയുടെ വാദം.