ന്യൂഡെൽഹി: ഡെൽഹി സർക്കാരിന് പകരം കേന്ദ്ര സർക്കാർ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ഡെൽഹി ബില്ലിൽ(നാഷണൽ കാപ്പിറ്റൽ ടെറിറ്ററി ഓഫ് ഡെൽഹി-ഭേദഗതി) രാഷ്ട്രപതി ഒപ്പുവെച്ചു. ഇതോടെ ബില്ലനെതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാടുമെന്ന് വ്യക്തമാക്കി എഎപി രംഗത്തെത്തി. എഎപിയുടെയും മറ്റ് പ്രതിപക്ഷ പാർട്ടികളുടെയും കടുത്ത എതിർപ്പിനിടെയാണ് കേന്ദ്ര സർക്കാർ ബില്ല് പാസാക്കിയത്.
2013 ൽ ആദ്യമായി അധികാരത്തിലെത്തിയത് മുതൽ ലെഫ്റ്റനന്റ് ഗവർണറുമായി നിരന്തരം ഏറ്റുമുട്ടുന്ന കേജ്‌രിവാൾ സർക്കാരിന് ഡെൽഹി ബിൽ കനത്ത തിരിച്ചടിയാണ്. കെജ്‌രിവാളിന്റെ ജനപ്രീതി ഭയന്നാണ് കേന്ദ്രം ഇത്തരമൊരു ബില്ല് കൊണ്ടുവന്നതെന്നായിരുന്നു എ.എ.പിയുടെ പ്രതികരണം.
ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസും പ്രതികരിച്ചു. ബുധനാഴ്ച ബില്ല് പാസാക്കുന്നതിനിടെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. ഡെൽഹി സർക്കാർ എന്നാൽ, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനുപകരം ലെഫ്.ഗവർണർ എന്ന നിർവചനം നൽകിക്കൊണ്ടുള്ളതാണ് ഭേദഗതി.
സർക്കാരിന്റെ എല്ലാ നടപടികളും പദ്ധതികളും ലെഫ്.ഗവർണറുമായി കൂടിയാലോചിക്കാതെയോ അനുമതി വാങ്ങാതെയോ ചെയ്യാനാവില്ല. ഇങ്ങനെ, സംസ്ഥാന സർക്കാരിനുള്ള എല്ലാ അവകാശവും അധികാരവും കവർന്നെടുക്കുന്നതാണ് പുതിയ ഭേദഗതി.