മുംബൈ: മൻസുഖ് ഹിരണിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയ്ക്ക് കുരുക്കു മുറുകുന്നു. കൊല്ലപ്പെടുന്നതിന് രണ്ട് ദിവസങ്ങൾക്ക് മുൻപ് മൻസുഖ് ഹിരൺ സച്ചിൻ വാസെയുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. ചോദ്യം ചെയ്യലിൽ ഹോട്ടൽ ജീവനക്കാരനാണ് ഈ വിവരം എൻഐഎയോട് വെളിപ്പെടുത്തിയത്.
സിഐയുടെ ഓഫീസിൽ എത്തിയാണ് മൻസുഖ് ഹിരൺ സച്ചിൻ വാസെയെ കണ്ടത്. അന്നേ ദിവസം ഹോട്ടൽ ജീവനക്കാരൻ ആഴ്ച തോറും നൽകിവരുന്ന പണം നൽകാൻ സിഐയുടെ ഓഫീസിൽ എത്തിയിരുന്നു. അറസ്റ്റിലായ പോലീസ് കോൺസ്റ്റബിൾമാരായ വിനായക് ഷിൻഡെ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കു ചേർന്നിരുന്നുവെന്നും ഹോട്ടൽ ജീവനക്കാരന്റെ മൊഴിയിലുണ്ട്.
മാർച്ച് മൂന്നിനായിരുന്നു മൻസുഖ് ഹിരൺ സച്ചിൻ വാസെയെ കണ്ടത്. മാർച്ച് രണ്ട്- മൂന്ന് തിയതികളിലായാണ് മൻസുഖ് ഹിരണിനെ കൊലപ്പെടുത്താനുളള ഗൂഢാലോചന നടന്നത് എന്നാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്. ഈ വിശ്വാസം ബലപ്പെടുത്തുന്നതാണ് ഹോട്ടൽ ജീവനക്കാരന്റെ മൊഴി.