ന്യൂഡെൽഹി: കൊറോണ വ്യാപനം വീണ്ടും ശക്തമാകുന്ന മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന നൽകി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ലോക്ക്ഡൗണിനുള്ള പദ്ധതി തയാറാക്കാൻ ഉദ്ദവ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി രാജേഷ് തോപെ, ചീഫ് സെക്രട്ടറി സിതാറാം കുന്തെ എന്നിവരും പങ്കെടുത്തു.
സംസ്ഥാനത്ത് വർധിച്ചുവരുന്ന കൊറോണ കേസുകളുടെ എണ്ണത്തിൽ ഉദ്യോഗസ്ഥരും ടാസ്ക് ഫോഴ്സ് അംഗങ്ങളും ആശങ്ക പ്രകടിപ്പിച്ചു. കേസുകൾ വർധിച്ചാൽ കൊറോണയുമായി ബന്ധപ്പെട്ട മരണങ്ങളും വർധിക്കാൻ ഇടവരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. കേസുകൾ കുത്തനെ വർധിച്ചാൽ ആരോഗ്യമേഖല പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്ന് ഉദ്ദവ് യോഗത്തിൽ പറഞ്ഞു.
സർക്കാർ ഓഫീസുകളിലും സംസ്ഥാന സെക്രട്ടേറിയറ്റിലും പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആളുകൾ നിയമങ്ങൾ കൊറോണ മാർഗനിർദേശങ്ങൾ പാലിക്കാത്തതിനാൽ ഭരണകൂടം ലോക്ക്ഡൗണിലേക്ക് നീങ്ങാൻ നിർബന്ധിതരാകുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു.