കെയ്റോ: ദക്ഷിണ ഈജിപ്തിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 32 പേർ കൊല്ലപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച സൊഹാഗ് പ്രവിശ്യയിലെ തഹ്ത ജില്ലയിലായിരുന്നു അപകടം.ഇടിയുടെ ആഘാതത്തിൽ മൂന്ന് ബോഗികൾ പാളം തെറ്റിമറിഞ്ഞു.
ഒരേ ലൈനിൽ വന്ന ട്രെയിനുകളാണ് ഇടിച്ചത്. മുന്നിൽപോയ ട്രെയിനിൽ ഒരാൾ അപായ ചങ്ങല വലിച്ചതാണ് അപകടത്തിനു കാരണമായതെന്ന് പറയുന്നു. ട്രെയിൻ പെട്ടെന്ന് നിർത്തിയപ്പോൾ പിന്നാലെവന്ന ട്രെയിൻ ഇടിക്കുകയായിരുന്നു.
എമർജൻസി ബ്രേക്കുകൾ പ്രവർത്തനക്ഷമമാക്കിയതോടെ ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിൽക്കുകയും പിന്നാലെയെത്തിയ ട്രെയിൻ നിർത്തിയിട്ട ട്രെയിനിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വടക്കേ ആഫ്രിക്കയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ റെയിൽവെ ശൃംഖലകളിലൊന്നാണ് ഈജിപ്തിന്റേത്. 36 ആംബുലൻസുകൾ ആരോഗ്യ അധികൃതർ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും അപകടത്തിൽപ്പെട്ടവരെ പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോവുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂട്ടിയിടിയെ തുടർന്ന് പാളം തെറ്റിയ ട്രെയിനുകളുടെ പടങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.