ന്യൂഡെൽഹി: വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് ബോണ്ട് ഇറക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഏപ്രിൽ ഒന്നു മുതൽ ബോണ്ടുകൾ പുറത്തിറക്കാമെന്ന് കോടതി നിർദേശിച്ചു.
പശ്ചിമ ബംഗാൾ, അസം, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബോണ്ടുകൾക്ക് സുതാര്യതയില്ലെന്നും കള്ളപ്പണ ഇടപാടിന് വഴിയൊരുക്കുന്നുവെന്നും ആരോപിച്ച് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് ബോണ്ടുകൾ കൂടുതൽ വിൽക്കുന്നത് ‘ഷെൽ കമ്പനികൾ വഴി രാഷ്ട്രീയ പാർട്ടികളുടെ നിയമവിരുദ്ധമായ ധനസഹായം ഇനിയും വർദ്ധിപ്പിക്കുമെന്ന്’ അപേക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചു.
‘2018 ൽ അവതരിപ്പിച്ച പദ്ധതിയുടെ വെളിച്ചത്തിൽ’, തിരഞ്ഞെടുപ്പ് ബോണ്ടുകൾ ‘2018, 2019, 2020-ൽ തടസ്സമില്ലാതെ പുറത്തിറക്കി’യെന്ന് ചീഫ് ജസ്റ്റീസ് ബോബ്ഡെ പറഞ്ഞു. ഈ ഘട്ടത്തിൽ സ്റ്റേ തുടരാൻ ഒരു കാരണവും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഏപ്രില്‍ ഒന്നുമുതൽ പുതിയ ബോണ്ടുകൾ പുറപ്പെടുവിക്കാനാണ് കേന്ദ്രസർക്കാർ നീക്കം നടത്തുന്നത്. തെരഞ്ഞെടുപ്പ് ബോണ്ടുകൾ സ്റ്റേ ചെയ്യേണ്ടന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയിൽ അറിയിച്ചിരുന്നു.