തിരുവനന്തപുരം: വോട്ടർപട്ടികയിലെ ഇരട്ടവോട്ടുകൾ സംബന്ധിച്ച് ജില്ലാ കളക്ടർമാർ നടത്തുന്ന പരിശോധനകൾക്ക് ശേഷം തുടർ നടപടിയുണ്ടാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കളക്ടർമാരുടെ പരിശോധന മാർച്ച് 30ന് അവസാനിക്കും. വോട്ട് ഇരട്ടിപ്പ് വന്നതിൻ്റെ കാരണം ഉൾപ്പടെയുള്ള വിവരങ്ങൾ കളക്ടർമാർ ശേഖരിക്കുന്നുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
വിഷയത്തിൽ വിശദമായ സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിക്കും. നിലവിലെ പരിശോധനകളുടെ വിവരങ്ങളും ഇറോനെറ്റ് സോഫ്റ്റ്വയറിൻ്റെ ഉപയോഗവും വിഷയത്തിൽ സ്വീകരിക്കുന്ന തുടർ നടപടികൾ എന്നിവയെല്ലാം കോടതിയെ ബോധിപ്പിക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
ഇരട്ടവോട്ടിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരുന്നു. ഹർജി വീണ്ടും തിങ്കളാഴ്ച പരിഗണനയ്ക്ക് എടുക്കുന്നുണ്ട്. ഇതിന് മുൻപ് കമ്മീഷൻ വിശദമായ സത്യവാങ്മൂലം നൽകാനുള്ള നീക്കത്തിലാണ്.
131 മണ്ഡലങ്ങളിലായി നാലരലക്ഷത്തോളം ഇരട്ട വോട്ടുകളോ കള്ളവോട്ടുകളോ ഉണ്ടെന്നാണ് ഹർജിയിലെ വാദം. വ്യാജവോട്ട് ചേർക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരട്ട വോട്ട് ഉള്ളവരുടെ വോട്ടുകൾ മരവിപ്പിക്കണം. അവരെ വോട്ടു ചെയ്യാൻ അനുവദിക്കരുതെന്നും ചെന്നിത്തല ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.