ന്യൂഡെൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് മൂന്ന് റഫാൽ പോർവിമാനങ്ങൾ കൂടി. പ്രഹരശേഷി വർദ്ധിപ്പിക്കാൻ ഒൻപത്, വിമാനങ്ങൾ കൂടി ഏപ്രിൽ മദ്ധ്യത്തോടെ രാജ്യത്ത് എത്തും. അടുത്ത മാസം ഇന്ത്യയിൽ എത്തുന്ന അഞ്ച് റഫാൽ വിമാനങ്ങൾ ബംഗാളിലെ ഹാസിമാര ബേസിലാണ് ഇറങ്ങുക.
അടുത്തയാഴ്ച എത്തുന്ന മൂന്ന് റഫാൽ വിമാനങ്ങളെ സ്വീകരിക്കാൻ അംബലയിലെ വ്യോമത്താവളം പൂർണ്ണ സജ്ജമായതായി ഇന്ത്യൻ വ്യോമസേന അറിയിച്ചു. മാർച്ച് 30നോ 31നോ ഇവ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് ‘
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ഉടമ്പടിയുടെ ഭാഗമായാണ് അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ റഫാൽ പോർവിമാനങ്ങൾ ഫ്രാൻസിൽ നിന്നും എത്തുന്നത്.
36 വിമാനങ്ങൾക്കും അനുബന്ധ സജ്ജീകരണങ്ങൾക്കുമായി 59,000 കോടി രൂപയുടെ കരാറാണ് കേന്ദ്രസർക്കാർ ഫ്രഞ്ച് സർക്കാരുമായി ഒപ്പിട്ടിരിക്കുന്നത്. 2020 ജൂലൈ മുതൽ 2021 ജനുവരി വരെയുള്ള കാലയളവിൽ 11 റഫാൽ യുദ്ധവിമാനങ്ങൾ അംബാലയിൽ എത്തിക്കഴിഞ്ഞു.
ചൈനയുമായി ലഡാക്കിൽ സംഘർഷങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ 2020 മെയ് മാസത്തിൽ ഇന്ത്യ ഇവയുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു.