തിരുവനന്തപുരം: ലക്ഷദ്വീപിന് സമീപത്ത് നിന്നും മൂന്ന് ശ്രീലങ്കൻ മൽസ്യബന്ധന ബോട്ടുകളെ തീര സംരക്ഷണ സേന പിടിച്ചെടുത്തു. മൂന്ന് ബോട്ടുകളിലയി 19 പേരാണ് ഉണ്ടായിരുന്നത്. ഒപ്പം അവരുടെ വശം 300 കിലോ ഹെറോയിനും 5 എകെ 47 തോക്കുകളും 1000 വെടിയുണ്ടകളും പിടിച്ചെടുത്തു. 3000 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ ആണ് ഇവരിൽ നിന്ന് പിടികൂടി.
വിഴിഞ്ഞത്ത് എത്തിച്ച ബോട്ടിലുണ്ടായിരുന്നവരെ നർകോടിക്സ് കണ്ട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്. ഇക്കഴിഞ്ഞ 18-നാണ് ബോട്ടുകൾ തീരസംരക്ഷണ സേന പിടികൂടിയത്. ലക്ഷദ്വീപിന് സമീപം ദുരൂഹ സാഹചര്യത്തിൽ കണ്ട ഏഴ് ബോട്ടുകൾ തീരസംരക്ഷണ സേനയുടെ ഡോണിയർ വിമാനം നിരീക്ഷിച്ചു വരികയായിരുന്നു.
ഇതിൽ എട്ട് ദിവസമായി മിനിക്കോയ് ദ്വീപിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ചുറ്റിത്തിരിയുകയായിരുന്ന മൂന്ന് ബോട്ടുകളെ തീര സംരക്ഷണ സേന വിദഗ്ധമായി പിടികൂടുകയായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായാൽ മയക്കുമരുന്നും ആയുധങ്ങളും കടലിൽ കളയുകയാണ് ഈ സംഘങ്ങളുടെ പതിവ്.
അതിനാൽ അതി വിദഗ്ധമായി ഡെങ്കി ബോട്ടുകളുടെ സഹായത്തിൽ കമാൻഡോ സംഘത്തെ നിയോഗിച്ചാണ് ബോട്ടുകളെ തീരസംരക്ഷണ സേന പിടികൂടിയത്. പിന്നാലെ നടത്തിയ ചോദ്യംചെയ്യലിൽ ബോട്ടിലുണ്ടായിരുന്നവരുടെ മൊഴികളിൽ വൈരുദ്ധ്യം തോന്നിയതോടെ നടത്തിയ പരിശോധനയിൽ രവി ഹൻസി എന്ന ബോട്ടിൽ നിന്ന് അറകളിൽ സൂക്ഷിച്ച നിലയിൽ എകെ 47 തോക്കും 1000 തിരകളും മുന്നൂറ് കിലോ ഹെറോയിനും കണ്ടെത്തി.