കാസർകോട്: ജില്ലയിൽ ആദ്യമായി 5 പോളിങ് ബൂത്തുകളിൽ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് വനിത ഉദ്യോഗസ്ഥർ മാത്രം. മഞ്ചേശ്വരം–ബൂത്ത് 70, കാസർകോട്– ബൂത്ത്–139 ,ഉദുമ– ബൂത്ത് 96, കാഞ്ഞങ്ങാട്–ബൂത്ത്–142. തൃക്കരിപ്പൂർ– ബൂത്ത് –6, എന്നിവിടങ്ങളിലാണ് വനിതകൾ മാത്രം ബൂത്ത് നിയന്ത്രിക്കുന്നത്. പ്രിസൈഡിങ് ഓഫിസർമാർ, ബൂത്ത് ലെവൽ ഓഫിസർമാർ, പോളിങ് ഓഫിസർമാർ, പൊലീസ് ഉൾപ്പെടെയുള്ളവർ സ്ത്രീകൾക്കായിരിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
ഇത്തവണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റിലെ കൺട്രോൾ റൂം നിയന്ത്രിക്കുന്നതും വനിതകൾആയിരിക്കും. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് കൺട്രോൾ റൂമിലെ നിയന്ത്രണം സ്ത്രീ ജീവനക്കാർ ചെയ്യുന്നത് .
ഹുസൂർ ശിരസ്തദാർ എസ്. ശ്രീജയയുടെ നേതൃത്വത്തിൽ നോഡൽ ഓഫിസർമാരായ എസ്.മുംതാസ് ഹസൻ, സുജാ വർഗീസ് എന്നിവരുടെ സംഘത്തിൽ കെ.എസ്.ശ്രീകല, പി.മമത, പി.സുജ, കെ.പ്രസീത, പി.പത്മാവതി എന്നിവരാണുള്ളത്.
പെരുമാറ്റ ചട്ടലംഘനം ഉൾപ്പടെയുള്ള പരാതികളും വോട്ടർ ഹെൽപ് ലൈനുകളുടെ നിയന്ത്രണവും ഫീൽഡ് ഇൻവസ്റ്റിഗേഷൻ ടീമിന്റെ മോണിറ്ററിങ് അടക്കമുള്ള ചുമതലകൾ കൺട്രോൾ റൂമിനാണുള്ളത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്ന സി വിജിൽ ആപ്ലിക്കേഷൻ, 1950 എന്ന ടോൾ ഫ്രീ നമ്പർ, ഹെൽപ് ലൈൻ നമ്പറുകളായ 04994- 255325, 255324 എന്നിവയിലേക്ക് വരുന്ന പരാതികൾ, തിരഞ്ഞെടുപ്പ് സംബന്ധിച്ച സംശയങ്ങൾ എന്നിവയ്ക്ക് കൺട്രോൾ റൂം മുഖേന ഉടൻ മറുപടി ലഭിക്കും.
1950 ഹെൽപ് ലൈൻ നമ്പറിൽ നിന്ന് പരാതികളും സംശയനിവാരണത്തിനുമായി ഒട്ടേറെ കോളുകളാണ് ഇവിടേക്ക് ലഭിചു കൊണ്ടിരിക്കുന്നത് . സി വിജിലിൽ ലഭിക്കുന്ന പരാതികൾ 5 മിനിറ്റിനുള്ളിൽ ഫീൽഡ് ഇൻവസ്റ്റിഗേഷൻ ടീമിന് കൈമാറുന്നതും കൺട്രോൾ റൂമിന്റെ ചുമതലയാണ്. 100 മിനിറ്റിനുള്ളിൽ പരാതി പരിഹാരവും ലഭിക്കും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി വിജിലിൽ ഇതുവരെ ലഭിച്ച 821 പരാതികളിൽ 785 എണ്ണം പരിഹരിച്ചത്.