ലക്‌നൗ: ട്രെയിനിൽ കന്യാസ്ത്രീകളെ ആക്രമിച്ചതിന് പിന്നിൽ എബിവിപി പ്രവർത്തകരെന്ന് റയിൽവേ പൊലീസ് സൂപ്രണ്ട്. ഝാൻസി റയിൽവേ പൊലീസ് സൂപ്രണ്ട് ഖാൻ മൻസൂരിയുടേതാണ് വെളിപ്പെടുത്തൽ. ഋഷികേശിലെ പഠനക്യാംപ് കഴിഞ്ഞുമടങ്ങിയവരാണ് പ്രശ്നമുണ്ടാക്കിയതെന്ന് ഖാൻ മൻസൂരി പറഞ്ഞു. മതം മാറ്റാൻ ശ്രമിക്കുന്നവർ എന്നാരോപിച്ചായിരുന്നു ആക്രമണം.
സന്ന്യാസ പഠനം നടത്തുന്ന ഒഡീഷ സ്വദേശിനികളെ വീട്ടിലെത്തിക്കാനാണ് മറ്റ് രണ്ടുപേർ കൂടെ പോയത്. ജന്മനാ ക്രൈസ്തവ
വിശ്വാസികളാണെന്ന് പറഞ്ഞിട്ടും ആക്രമിക്കുകയായിരുന്നുവെന്ന് കന്യാസ്ത്രീകൾ പറഞ്ഞു. ട്രെയിനിൽ നിന്ന് പുറത്തിറക്കി സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോൾ കൂക്കിവിളിച്ച് ഒരു സംഘം പിന്തുടർന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് രാത്രി വൈകി മോചിപ്പിച്ചത്.
മാർച്ച് 19 ന് ഡൽഹിയിൽ നിന്ന് ഒഡീഷയിലേക്ക് പോയ ട്രെയിനിൽ ആയിരുന്നു സംഭവം നടന്നത്. ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്‌റ്റേഷനിൽ വെച്ചാണ് തിരുഹൃദയ സന്യാസി സമൂഹത്തിന്റെ ഡെൽഹി പ്രൊവിൻസിലെ മലയാളി അടക്കമുള്ള നാല് കന്യാസ്ത്രീകൾക്ക് നേരെ കയ്യേറ്റു ശ്രമമുണ്ടായത്.
രണ്ട് പേർ സന്യാസ വേഷത്തിലും മറ്റുള്ളവർ സാധാരണ വേഷത്തിലും ആയിരുന്നു. മതം മാറ്റാൻ ഒപ്പമുള്ള രണ്ട് പെൺകുട്ടികളെ കൊണ്ടുപോകുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ രാജ്യമെമ്പാടും പ്രതിഷേധം ഉയർന്നു കഴിഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ ജാഗ്രത പുലർത്തണമെന്നാണ് വിവിധ സംഘടനകൾ ആവശ്യപ്പെടുന്നത്.