പൊതുവിദ്യാലയങ്ങളിലെ ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് ഇൻസുലിൻ കുത്തിവയ്പിന് സൗകര്യം ഏർപ്പെടുത്തണം: ടൈപ്പ് വൺ ഡയബറ്റിസ് ഫൗണ്ടേഷൻ

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് ഇൻസുലിൻ കുത്തിവെപ്പെടുക്കാൻ സൗകര്യം ഏർപ്പെടുത്തണമെന്ന്​ ടൈപ്പ് വൺ ഡയബറ്റിസ് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച്​ ബാലാവകാശകമ്മീഷൻ, ഹെൽത് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ്​ അധികൃതർ എന്നിവർക്ക്​ ഇതുസംബന്ധിച്ച് പരാതി നൽകിയതായി ഫൗണ്ടേഷൻ ഫോ. സെക്രട്ടറി ഡെറീന സി. ദാസ് അറിയിച്ചു.

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ ദിവസത്തിൽ പല തവണ ഇൻസുലിൻ കുത്തിവെക്കണം. സ്കൂളിലും കോളജിലും ഇതിനാവശ്യമായ മുറിയോ സ്വകാര്യതയോ ഇല്ലാത്തതിനാൽ കുട്ടികൾക്ക് പലപ്പോഴും നിഷ്കർഷിച്ച സമയങ്ങളിൽ ഷുഗർ ചെക്കു ചെയ്യുന്നതിനോ ഇൻസുലിൻ എടുക്കുന്നതിനോ കഴിയാത്ത സാഹചര്യമുണ്ട്.

95 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നഴ്സിങ്​ റൂമോ നഴ്സിന്‍റെ സേവനമോ പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനമോ ഇല്ല. പല വിദ്യാലയങ്ങളിലും പകൽസമയങ്ങളിൽ സ്റ്റാഫ് റൂമുകളിൽ വെച്ചാണ് കുട്ടികൾക്ക്​ കുത്തിവെപ്പെടുക്കുന്നത്​. മിക്കവാറും സ്റ്റാഫ് റൂമുകൾ മിക്സഡ് ആയതിനാൽ സ്വകാര്യതയെ കുറിച്ച്​ ഓർത്ത്​ കുട്ടികൾ ഇൻസുലിൻ എടുക്കാതിരിക്കുകയും അത് പലപ്പോഴും പ്രമേഹ നിയന്ത്രണത്തിന്​ വിഘാതമാവുകയും ചെയ്യുന്നുണ്ട്​.

ഇത്തരം കുട്ടികളുടെ പരിചരണം സംബന്ധിച്ച്​ രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും ആരോഗ്യപ്രവർത്തകർക്കും പരിശീലനം നൽകണം. അവർക്ക് ഇഞ്ചക്ഷൻ എടുക്കാൻ ആവശ്യമായ സൗകര്യവും സ്വകാര്യതയും ക്ലാസ് മുറിക്ക് സമീപം ഒരുക്കാൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കണം. കുട്ടികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുവാനും ആവശ്യമെങ്കിൽ ഗ്ലൂക്കോസ് കഴിക്കുവാനും ആശുപത്രിയിൽ പോകാനും സ്കൂൾ നിയമങ്ങളിൽ ഇളവ് വരുത്തണം.