തിരുവനന്തപുരം: സിപി എം പാർട്ടി പത്രത്തിൽ നാലരപേജ് സപ്ലിമെൻ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം സിപിഎം സ്ഥാനാർഥികൾ പ്രതികളായി കോടതികളിൽ നിലവിലുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ. 39 സ്ഥാനാർഥികളുടെ പട്ടികയിൽ കൂടുതൽ കേസുകളുമായി ഒന്നാം സ്ഥാനത്ത് കഴക്കൂട്ടത്തുനിന്നു മൽസരിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. തൊട്ടുപിറകിൽ നേമം മണ്ഡലത്തിൽനിന്നു മൽസരിക്കുന്ന വി. ശിവൻകുട്ടിയുമുണ്ട്.
സപ്ലിമെന്റായാണ് കേസുകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2009 മുതൽ വിവിധ സമരങ്ങളിൽ നയിക്കുകയും നിയമവിരുദ്ധമായി ആൾക്കൂട്ടമുണ്ടാക്കുകയും ഗതാഗതം തടയുകയും ചെയ്തതിനാണ് മിക്ക കേസുകളും. മിക്ക കേസുകളിലും കുറ്റപത്രംപോലും സമർപ്പിക്കാൻ പോലീസ് ധൈര്യപ്പെട്ടിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ മൂന്നു കേസുകളുണ്ട്. സുപ്രീംകോടതിയിലുള്ള ലാവ്ലിൻ അഴിമതി കേസും പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ടി നന്ദകുമാർ നൽകിയ കേസും. 2013-ൽ യുഡിഎഫ് സർക്കാരിനെതിരേ ജനക്കൂട്ടത്തെ തെരുവിലിറക്കിയും ഗതാഗതം തടഞ്ഞും നടത്തിയ സമരത്തിന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിലവിലുള്ളതാണു മൂന്നാമത്തെ കേസ്.
ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരേയുള്ള അഞ്ച് കേസുകളിൽ ഒന്നിൽ ഒന്പതു മാസം തടവുശിക്ഷ വിധിച്ചിട്ടുള്ളതാണെങ്കിലും അപ്പീലിലാണ്. 2014-ൽ തലശേരിയിൽ നിമയവിരുദ്ധമായി റോഡ് തടഞ്ഞു സമരം നടത്തുകയും പോലീസ് ഓഫീസറെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ശിക്ഷിച്ചത്.
കല്യാശേരിയിലെ സ്ഥാനാർഥി എം. വിജിൻ, വടക്കാഞ്ചേരിയിലെ സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളി എന്നിവർക്കെതിരേ 10 കേസുകളുണ്ട്. എല്ലാം വഴിതടഞ്ഞ് നിയമവിരുദ്ധമായി സമരം നടത്തിയതിനാണ്.
തൃത്താലയിൽനിന്നു മൽസരിക്കുന്ന എം.ബി. രാജേഷിനെതിരേ എട്ടു കേസുകൾ നിലവിലുണ്ട്. ഇതിൽ മൂന്നു കേസുകൾ പോലീസ് ഓഫീസറെ കയേറ്റം ചെയ്തതിനുള്ള വകുപ്പുകൾകൂടി ചേർത്തുള്ളതാണ്. 2003-ലും 2018-ലുമാണ് ഈ കേസുകൾ. പി. രാജീവിനെതിരേ മൂന്നു കേസുകളുണ്ട്.
തെരഞ്ഞെടുപ്പു ചട്ടമനുസരിച്ച് സ്ഥാനാർഥികൾ ഏതെങ്കിലും കേസിൽ പ്രതിയാണെങ്കിലോ കോടതിയിൽ കേസുകളുണ്ടെങ്കിലോ വിവരം നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിക്കണം. മാത്രമല്ല, അവ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുകയും വേണം. ഈ ചട്ടം പാലിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇത്രയേറെ കേസുകൾ നാലര പേജുകളിലായി പ്രസിദ്ധീകരിച്ചത്.