ന്യൂഡെൽഹി: മഹാരാഷ്ട്രയിലും പഞ്ചാബിലും കൊറോണ വ്യാപനം ഗുരുതരമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൻ. ഡൽഹിയിൽ കൊറോണ വ്യാപന തൽസ്ഥിതി വിവരം വാർത്താമാധ്യമങ്ങളുമായി പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.മധ്യപ്രദേശിലെ കൊറോണ കേസുകളിലേറെയും ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ, ഉജ്ജൈൻ, ബെതുൽ എന്നിവിടങ്ങളിലാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പറഞ്ഞു.
രാജ്യത്ത് രണ്ട് സംസ്ഥാനങ്ങളുടെ സ്ഥിതിയാണ് ഗുരുതരമായിട്ടുള്ളത്. മഹാരാഷ്ട്രയിലും പഞ്ചാബിലും രോഗവ്യാപനം തീക്ഷ്ണമായിട്ടുണ്ട്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനുള്ളിൽ 28,000 കേസുകളാണ് റിപോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പഞ്ചാബിൽ ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്ബോൾ വ്യാപനം തീവ്രമാണ്.
മഹാരാഷ്ട്രയിലെ ഒമ്പത് ജില്ലകളും കർണാടകയിലെ ഒരു ജില്ലയും കേന്ദ്രീകരിച്ചാണ് കൊറോണ കേസുകൾ വർധിക്കുന്നതെന്നെന്നും ഭൂഷൻ പറഞ്ഞു. ഇതിനു പുറമേ ഗുജറാത്തിലെയും മധ്യപ്രദേശിലെയും സ്ഥിതിയും ആശങ്കയിലാണ്.
ഗുജറാത്തിൽ പ്രതിദിനം 1700ഓളം കേസുകളും മധ്യപ്രദേശിൽ 1500ലേറെ കേസുകളും റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്തിലെ മിക്ക കേസുകളും സൂറത്ത്, അഹമ്മദാബാദ്, വഡോദര, രാജ്കോട്ട്, ഭാവ് നഗർ എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.