യാങ്കൂൺ: ജനകീയ പ്രക്ഷോഭം അടിച്ചമർത്തുന്നതിനിടെ ഏഴു വയസുകാരി പട്ടാളത്തിൻ്റെ വെടിയേറ്റു മരിച്ചു. മാൻഡലെ നഗരപ്രാന്തത്തിൽ പട്ടാളം സമരക്കാർക്കു നേരെ വെടിവയ്ക്കുന്നതിനിടെ വീട്ടിനുള്ളിലായിരുന്ന പെൺകുട്ടിക്കാണ് വെടിയേറ്റത്. വെടിവയ്പിൽ മറ്റൊരാളും കൊല്ലപ്പെട്ടു.
ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂചിയെ പുറത്താക്കി പട്ടാളം ഭരണം പിടിച്ച ഫെബ്രുവരി ഒന്നു മുതൽ നിരവധി പേരാണ് സൈന്യത്തിന്റെ തോക്കിനിരയായത്. പട്ടാളത്തിന്റെ ആക്രമണത്തിൽ 261 പേർ മരിച്ചതായും 2,258 പേർ അറസ്റ്റിലായതായും 1,938 പേർ പിടിയിലായതായും രാഷ്ട്രീയ തടവുകാർക്കിടെയിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടന അറിയിച്ചു. ഇരുപതിലധികം കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സന്നദ്ധസംഘടന “സേവ് ദ ചില്‍ഡ്രൻ’ പറയുന്നു.
കടുത്ത അടിച്ചമർത്തലിലും പ്രക്ഷോഭം ശക്തമായി തുടരുകയാണ്. രാജ്യത്ത് ജനാധിപത്യ സർക്കാർ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് രാജ്യത്ത് യുവാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നത്. പട്ടാള ഭരണത്തിനെതിരേ പ്രതിഷേധം ശക്തമായതോടെ മാധ്യമപ്രവർത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നുണ്ട്. 40 മാധ്യമപ്രവർത്തകരെ പട്ടാളം ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതേസമയം, പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിനെ ന്യായീകരിച്ച പട്ടാള ഭരണകൂടം ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂ ചിക്കെതിരെ അഴിമതി ആരോപണവും ഉന്നയിക്കുന്നു. അക്രമത്തിനു പ്രതിഷേധക്കാർ ഉത്തരവാദികളാണെന്നും സൈനിക വക്താവ് ആരോപിച്ചു.