തിരുവനന്തപുരം: യൂട്യൂബിൽ നോക്കി തീ ഉപയോഗിച്ച് മുടിവെട്ടാൻ ശ്രമിച്ച12 വയസ്സുകാരൻ തീപ്പൊള്ളലേറ്റ് മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ ഗാന്ധി സ്മാരക ആശുപത്രിക്ക് സമീപം ‘പ്രസാര’ത്തിൽ പ്രകാശിന്റെ മകൻ ശിവനാരായണനാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം നടന്നത്.
തീ ഉപയോഗിച്ച് മുടി സ്‌ട്രെയ്റ്റ് ചെയ്യുന്ന വീഡിയോ യൂട്യൂബിൽ കണ്ട ശിവനാരായണൻ ഇത് അനുകരിക്കാൻ ശ്രമിക്കുന്നതിനിടെ മുടിയിലും വസ്ത്രത്തിലും തീപടരുകയായിരുന്നു. കുളിമുറിയിൽവെച്ചാണ് അനുകരണശ്രമം നടന്നത്. ഇതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.
മുത്തശ്ശി മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചു. വെങ്ങാനൂർ ബോയ്‌സ് ഹൈസ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ് ശിവനാരായണൻ.
സ്ഥിരമായി യൂട്യൂബ് വീഡിയോകൾ കണ്ടിരുന്ന കുട്ടി ഇത് അനുകരിക്കാൻ ശ്രമിക്കുന്നതും പതിവായിരുന്നു എന്നാണ് പോലീസ് പറയുന്നത്.