വാഷിം​ഗ് മെഷീൻ വാ​ഗ്ദാനം; വോട്ടർമാരുടെ തുണി അലക്കി സ്ഥാനാർത്ഥി; തമിഴ്നാട്ടിലെ പ്രചരണം വൈറലാകുന്നു

ചെന്നൈ: തമിഴ്​നാട്ടിൽ നിന്നുള്ള സ്​ഥാനാർഥികളുടെ പ്രചാരണവേലകൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്​. അത്തരത്തിൽ വോട്ടർമാരുടെ തുണി അലക്കുകയും അവർക്ക്​ വാഷിങ്​ മെഷീനുകൾ വാഗ്​ദാനം ചെയ്യുകയും ചെയ്​ത സ്​ഥാനാർഥിയാണിപ്പോൾ ശ്രദ്ധ നേടുന്നത്​.

നാഗപട്ടണത്തെ അണ്ണാ ഡി.എം.കെ സ്​ഥാനാർഥിയായ തങ്ക കതിരവനാണ്​ തുണി അലക്കി വൈറലായത്​. വാർത്താ ഏജൻസിയായ എ.എൻ.ഐ പങ്കുവെച്ച വിഡിയോയിൽ സോപ്പുവെള്ളത്തിൽ വസ്ത്രം കുത്തിപ്പിഴിഞ്ഞ്​ അലക്കുന്ന തങ്ക കതിരവനെ കാണാം.

സ്​ഥാനാർഥിയുടെ കൂടെയുള്ള പാർട്ടി പ്രവർത്തകരിൽ ചിലർ അദ്ദേഹത്തെ സഹായിക്കുന്നുമുണ്ട്​.അണ്ണാ ഡി.എം.കെ സ്​ഥാനാർഥിയുടെ പ്രചാരണം ഇങ്ങനെ പോകുമ്പോൾ ശരീരത്തിൽ സ്വന്തം ചിഹ്നം വരച്ച്‌​ പിടിപ്പിച്ചാണ്​ എതിരാളിയായ വിടുതലൈ ചിരുതൈകൾ കക്ഷി (വി.സി.കെ) വോട്ട്​ തേടുന്നത്​.

ഡി.എം.കെ-കോൺഗ്രസ്​ മുന്നണിയിൽ മത്സരിക്കുന്ന വി.സി.കെക്കായി ആളൂർ ഷാനവാസാണ്​ ഇവിടെ മത്സരിക്കുന്നത്​.ഏപ്രിൽ ആറിനാണ് തമിഴ്​നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ്​.