തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ശ്രമമെന്ന് ഉമ്മൻചാണ്ടി

കോട്ടയം: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നുവെന്ന് ഉമ്മൻചാണ്ടി. സ്വർണക്കടത്ത്, ലൈഫ് മിഷൻ കമ്മീഷൻ തുടങ്ങി ചെന്നിത്തല ഉന്നയിച്ച എല്ലാ ആരോപണങ്ങളും സർക്കാരിന് സമ്മതിക്കേണ്ടി വന്നു. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് ഇരട്ടവോട്ട് ക്രമക്കേട്. ഇരട്ട വോട്ട് വിഷയം അതീവ ഗുരുതരമാണ്. ഇരട്ട വോട്ട് തടയാൻ കോൺഗ്രസ് എവിടെ വരേയും പോകുമെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു.

‘പ്രകടന പത്രികയിലേയും സ്ഥാനാർഥി നിർണയത്തിലേയും മികവ് യുഡിഎഫിന് നേട്ടമാവും. പുതുപ്പള്ളിയിലും കോട്ടയത്തും കേരളത്തിലാകെയും യുഡിഎഫ് അനുകൂലമായ സാഹചര്യമാണുള്ളത്.

ശബരിമല വിഷയത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടേത് ഇരട്ടത്താപ്പാണ്. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും എതിരായാണ് സർക്കാർ സത്യവാങ്മൂലം കൊടുത്തത്. അതനുസരിച്ച് വിധി വന്നപ്പോൾ അവർ സന്തോഷിച്ചു. വിശ്വാസികൾ ഒന്നടങ്കം എതിർത്തപ്പോൾ അവർ നിലപാട് മാറ്റി.

ആത്മാർഥമായല്ല അവർ വിശ്വാസികൾക്കൊപ്പം നിൽക്കുന്ന നിലപാട് സ്വീകരിച്ചത്. അങ്ങനെയെങ്കിൽ ആചാരങ്ങൾക്കെതിരായി നൽകിയ സത്യവാങ്മൂലം പിൻവലിക്കണം. ആചാര അനുഷ്ഠാനങ്ങൾ വിശ്വാസികളുടെ താൽപര്യങ്ങൾക്കനുസരിച്ച് സംരക്ഷിക്കപ്പെടണമെന്നതാണ് ഭരണത്തിലിരിക്കുമ്പോഴും ഇപ്പോഴും യുഡിഎഫിന്റെ നിലപാട് എന്നും ഉമ്മൻചാണ്ടി വിശദീകരിച്ചു.