പട്ന: ആർജെഡിയുടെ പ്രതിഷേധ മാർച്ച് അക്രമാസക്തമായതിനെ തുടർന്നു പാർട്ടി നേതാക്കളായ തേജസ്വി യാദവും തേജ് പ്രതാപ് യാദവും അറസ്റ്റിലായി. തൊഴിലില്ലായ്മ, വിലക്കയറ്റം, ബിഹാർ സ്പെഷൽ ആംഡ് പൊലീസ് ബിൽ 2021 എന്നിവയ്ക്കെതിരെ ആർജെഡി പ്രഖ്യാപിച്ച നിയമസഭ വളയൽ സമരത്തിന്റെ ഭാഗമായി നടത്തിയ മാർച്ചിലാണ് അക്രമമുണ്ടായത്. മാർച്ചിനു നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റു ചെയ്തു.
കൊറോണ സാഹചര്യത്തിൽ മാർച്ചിനു പൊലീസ് അനുമതി നിഷേധിച്ചിരുന്നു. മാർച്ച് ഡാക് ബംഗ്ലാ ചൗക്കിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞതിനെ തുടർന്നാണ് അക്രമമുണ്ടായത്. ആർജെഡി പ്രവർത്തകർ നടത്തിയ കല്ലേറിൽ പൊലീസുകാർക്കും മാധ്യമ പ്രവർത്തകർക്കും ഉൾപ്പെടെ പരുക്കേറ്റു. ജലപീരങ്കി പ്രയോഗിച്ചും ലാത്തിചാർജ് നടത്തിയുമാണ് പൊലീസ് പ്രതിഷേധക്കാരെ നേരിട്ടത്.
നിയമസഭാ സ്പീക്കർ വിജയ് കുമാർ സിൻഹയെ അദ്ദേഹത്തിന്റെ ചേംമ്പറിൽ നിന്നു പുറത്തിറങ്ങാൻ അനുവദിക്കാതിരുന്ന പ്രതിപക്ഷ വനിതാ എംഎൽഎമാർ ഉൾപ്പെടെയുള്ളവരെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി മാറ്റി. സംഘർഷത്തിനിടെ പരുക്കേറ്റ ആർജെഡി എംഎൽഎ സതീഷ് കുമാറിനെ ആശുപത്രിയിലേക്കു മാറ്റി. പൊലീസും പ്രദേശിക ഗുണ്ടകളും ചേർന്ന് തന്നെ ആക്രമിച്ചെന്ന് അദ്ദേഹം ആരോപിച്ചു.