ന്യൂഡെൽഹി: രാജ്യത്തെ കൊറോണ വാക്‌സിനേഷൻ മൂന്നാംഘട്ടം ആരംഭിക്കുന്നു. 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഏപ്രിൽ ഒന്നു മുതൽ വാക്‌സിൻ നൽകിത്തുടങ്ങും. മൂന്നാംഘട്ടം ആരംഭിക്കുന്നതിനായി കൂടുതൽ വാക്‌സിനുകൾ സംസ്ഥാനങ്ങൾക്ക് എത്തിച്ചു നൽകുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വ്യക്തമാക്കി.
നിലവിൽ വാക്‌സിനേഷൻ രണ്ടാംഘട്ടം പൂർത്തിയായിട്ടില്ല. 60 വയസ്സിനു മുകളിൽ പ്രായമായവരും 45 വയസ്സിൽ പ്രായമായ രോഗബാധിതർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്. ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർക്കും വാക്‌സിൻ നൽകും.
കൂടുതൽ വാക്‌സിൻ ഉടൻ തന്നെ മാർക്കറ്റിലെത്തിക്കും. വാക്സിനേഷനിലെ നിർണായക ചുവടുവയ്പാണ് ഇതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 4.85 കോടി പേർക്ക് ആദ്യഘട്ട ഡോസ് നൽകിയിട്ടുണ്ട്. 80 ലക്ഷം പേർ രണ്ടാംഘട്ട ഡോസ് സ്വീകരിച്ചതായും കേന്ദ്രമന്ത്രി അറിയിച്ചു. മാർച്ച് ഒന്നിനാണ് രാജ്യത്ത് രണ്ടാംഘട്ട വാക്‌സിനേഷൻ തുടങ്ങിയത്.