അന്തർസംസ്ഥാന യാത്രകൾ വിലക്കരുതെന്ന് കേന്ദ്ര സർക്കാർ; പുതിയ മാർഗനിർദ്ദേശമായി

ന്യൂഡെൽഹി: കൊറോണ പശ്ചാത്തലത്തിൽ അന്തർസംസ്ഥാന യാത്രകൾക്ക് വിലക്കേർപ്പെടുത്തരുതെന്ന് കേന്ദ്ര സർക്കാർ. ഇതടങ്ങുന്ന പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. അന്തർസംസ്ഥാന യാത്രകൾക്ക് വിലക്കേർപ്പെടുത്തരുതെന്നു മാർഗനിർദ്ധേശത്തിൽ ചൂണ്ടിക്കാട്ടുന്നു. ജനങ്ങൾ അന്തർസംസ്ഥാന യാത്രകൾ നടത്തുന്നതോ സാധനസാമഗ്രികൾ മറ്റുസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതോ തടയാനാകില്ല.

കൊറോണ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. അയൽരാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളുടെ അടിസ്ഥാനത്തിൽ നടത്തുന്ന പ്രവർത്തനങ്ങളും തടസപ്പെടുത്തരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിക്കുന്നു.

ഏപ്രിൽ ഒന്ന് മുതൽ 30 വരെ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ളത്. കൊറോണ കേസുകളുടെ എണ്ണം നിയന്ത്രിക്കുന്നതിലും കണ്ടെത്തുന്നതിലും ചികിത്സ ഉറപ്പാക്കുന്നതിലും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കണം.

കൊറോണ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് ജില്ലാ, ഉപജില്ലാ, നഗരം, വാർഡ് തലങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താം. സ്ഥിതിഗതികൾ വിലയിരുത്തിയതിനു ശേഷമേ നിയന്ത്രണങ്ങൾ ഏർപ്പെടുത്താവൂവെന്നും നിർദ്ദേശിക്കുന്നു.