കോവിഷീൽഡ് വാക്‌സീന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 8 ആഴ്ച വരെയായി നീട്ടണമെന്ന് കേന്ദ്രം

ന്യൂഡെൽഹി: മികച്ച ഫലപ്രാപ്തി ലഭിക്കാൻ കോവിഷീൽഡ് വാക്‌സീന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 28 ദിവസം എന്നതിൽനിന്ന് ആറു മുതൽ എട്ടാഴ്ച വരെ ആക്കി വർധിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ. നിലവിൽ രണ്ട് ഡോസുകൾക്കിടയിലുള്ള കാലയളവ് 28 ദിവസം അല്ലെങ്കിൽ നാല് മുതൽ ആറാഴ്ചയ്ക്കിടയിൽ എന്നായിരുന്നു.

60 വയസിനു മേൽ പ്രായമുള്ളവർക്കും മറ്റ് അസുഖങ്ങളുള്ള 45 വയസിനു മേൽ പ്രായമുള്ളവർക്കും രണ്ടാംഘട്ട വാക്‌സിനേഷൻ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഡോസുകളുടെ ഇടവേള ദീർഘിപ്പിച്ചുകൊണ്ടുള്ള പുതിയ നിർദേശം. ഇതു സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ നിർദേശം നൽകി.

ആറ് മുതൽ എട്ടാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ ഡോസ് എടുത്താൽ കൂടുതൽ മെച്ചപ്പെട്ട സംരക്ഷണം ലഭിക്കും. എന്നാൽ അതിലേറെ നീളാൻ പാടില്ലെന്നും കത്തിൽ പറയുന്നു. വാക്‌സീൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണ് ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടുകയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ജനുവരി മുതൽ 4.5 കോടി വാക്‌സീൻ ഡോസുകളാണ് രാജ്യത്ത് നൽകിയിരിക്കുന്നത്.

ആസ്ട്രസെനക്ക വികസിപ്പിച്ച് സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡിനു മാത്രമാണ് ഇതു ബാധകമാകുകയെന്നും ഭാരത് ബയോടെക്കന്റെ കോവിക്‌സീനു ബാധകമല്ലെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു നൽകിയ കത്തിൽ പറയുന്നു.

പുതിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഡോസുകൾ തമ്മിലുള്ള ഇടവേള നാഷണൽ ടെക്‌നിക്കൽ അഡ്‌വൈസറി ഗ്രൂപ്പ് ഓഫ് ഇമ്യൂണൈസേഷൻ (എൻടിഎജിഐ), നാഷണൽ എക്‌സ്‌പേട്ട് ഗ്രൂപ്പ് ഓഫ് വാക്‌സീൻ അഡ്മിനിസ്‌ട്രേഷൻ തുടങ്ങിയവർ പുനഃപരിശോധിച്ചുവെന്നു കേന്ദ്രം അറിയിച്ചു.