സിഡ്നി: ഓസ്ട്രേലിയൻ സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിൽ ശക്തമായ മഴ തുടരുന്നതിനാൽ സിഡ്നിയിൽനിന്നും ആളുകളെ ഒഴിപ്പിക്കുന്നു. സിഡ്നിയുടെ പ്രധാന ജലസ്രോതസായ വരഗംബ ഡാം വർഷങ്ങൾക്ക് ശേഷം നിറഞ്ഞുകവിഞ്ഞു. ജീവന് ഭീഷണിയാകുന്ന വെള്ളപ്പൊക്കം ഉണ്ടായേക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.
ന്യൂ സൗത്ത് വെയിൽസിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട നിരവധി പേരെ രക്ഷപെടുത്തിയതായി അധികൃതർ അറിയിച്ചു. പ്രധാന റോഡുകളെല്ലാം അടച്ചിരിക്കുകയാണ്. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതർ ഉത്തരവിട്ടു.
താഴ്ന്ന പ്രദേശങ്ങളിലെ സ്കൂളുകളും അടച്ചിരിക്കുകയാണ്. മിനി ടൊർണാഡോയെന്ന് വിളിക്കപ്പെടുന്ന ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയാണ് സിഡ്നിയിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിലാക്കിയത്.