സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സണും അംഗങ്ങളും സർക്കാർ ആനുകൂല്യമായി കൈപ്പറ്റിയത് രണ്ട് കോടിയിലധികം രൂപ; കെട്ടിക്കിടക്കുന്നത് 11,887 കേസുകൾ

തിരുവനന്തപുരം: സംസ്ഥാന വനിത കമ്മീഷനിൽ കെട്ടിക്കിടക്കുന്നത് 11,887 കേസുകൾ. അതായത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രജിസ്റ്റർ ചെയ്ത കേസുകളിൽ പകുതിയിലേറെയും തീർപ്പാക്കത്തെ കിടക്കുന്നു. വിവരാവകാശ നിയമപ്രകാരം അറിഞ്ഞ വിവരമാണിത്. രണ്ട് കോടിയിലധികം രൂപയാണ് ഇക്കാലയളവിൽ ചെയർപേഴ്സൺ ഉൾപ്പെടെ അഞ്ച് അംഗങ്ങൾക്ക് ആനുകൂല്യമായി സർക്കാർ നൽകിയത്.

2017 മുതൽ 2021 വരെയുള്ള കാലയളവിൽ വനിത കമ്മീഷൻ രജിസ്റ്റർ ചെയ്തത് 22150 കേസുകൾ. തീർപ്പാക്കിയത് 10263 എണ്ണം. 11887 കേസുകൾ ഇപ്പോഴും തീർപ്പാക്കാതെ കെട്ടികിടക്കുന്നു. തലസ്ഥാന ജില്ലയിൽ മാത്രം 4407 കേസുകളാണ് തീർപ്പാകാതെയുള്ളത്.

പോലീസിനെതിരെ ലഭിച്ച പരാതികളിൽ 342 കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും 226 കേസുകളിൽ ഇപ്പോഴും തുടർനടപടിയില്ല. സർക്കാർ ഓഫീസുകളിലെ മാനസിക പീഡനം സംബന്ധിച്ച പരാതികളിൽ 100 കേസുകൾ രജിസ്റ്റർ ചെയ്തതിൽ തീർപ്പുണ്ടായത് 38 എണ്ണത്തിൽ മാത്രം. വിവരാവകാശ നിയമപ്രകാരം അഡ്വ. സിആർ പ്രാണകുമാർ നൽകിയ അപേക്ഷയിലാണ് കമ്മീഷൻ മറുപടി നൽകിയത്.

അഞ്ച് വർഷക്കാലയളവിൽ ഓണറേറിയം, ടി എ, ടെലിഫോൺ ചാർജ്ജ്, എക്സ്പേർട്ട് ഫീ, മെഡിക്കൽ റീ ഇന്പേഴ്സ്മെൻറ് ഉൾപ്പെടെ കമ്മീഷൻ ചെയർപേഴ്സണും അംഗങ്ങളും കൈപ്പറ്റിയത് 2,21,36,298 രൂപയാണ്. ചെയർപേഴ്സൺ എംസി ജോസഫൈൻ മാത്രം കൈപ്പറ്റിയത് അരക്കോടിയിലധികം രൂപയാണെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.