ന്യൂഡെൽഹി: ഇന്ത്യയും ചൈനയും യുദ്ധത്തിൻറെ വക്കിലാണെന്ന് കരുതുന്നില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. സമാധാനം സംരക്ഷിക്കുന്നതിനായി ശരിയായ കാര്യങ്ങൾ ചെയ്യുന്നത് ഉറപ്പാക്കുന്നതിന് വേണ്ടി ഒരേ മനസുള്ള രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നത് യുഎസ് തുടരുമെന്നും ഇന്ത്യയും അമേരിക്കയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ത്രിരാഷ്ട്ര സന്ദർശനത്തിൻ്റെ ഭാഗമായി ഇന്ത്യയിലെത്തിയ അദ്ദേഹം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായിയുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഓസ്റ്റിൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ലോയ്ഡ് ട്വീറ്റ് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൻറെ വിശാലത പ്രതിരോധ പങ്കാളിത്തത്തിൻറെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി
കഴിഞ്ഞ ആഴ്ചയിൽ ക്വാഡ് രാജ്യതലവന്മാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൻറെ തുടർച്ചയെന്നോണമാണ് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ ഇന്ത്യാസന്ദർശനം. അമേരിക്കൻ പ്രസിഡൻറായി ജോ ബൈഡൻ ചുമതലയേറ്റ ശേഷം ഭരണകൂടത്തിലെ ഒരു ഉന്നതോദ്യോഗസ്ഥൻ ഇന്ത്യ സന്ദർശിക്കുന്നത് ആദ്യമായാണ്.