ഐ ഫോൺ വിവാദം; കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്

തിരുവനന്തപുരം: ഐ ഫോൺ വിവാദത്തിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. മാർച്ച്‌ 23ന് കൊച്ചിയിലെ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാണ് നോട്ടീസിലെ ആവശ്യം. സന്തോഷ് ഈപ്പൻ നൽകിയ ഐഫോൺ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് അയച്ചത്.

നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ലഭിച്ചില്ലെന്ന് പറഞ്ഞ് വിനോദിനി ഹാജരായിരുന്നില്ല. ആദ്യം അയച്ച നോട്ടീസ് ഡോർ ക്ലോസ്ഡ് എന്ന് പറഞ്ഞ് തിരിച്ചെത്തുകയായിരുന്നു. തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ റെയ്ഡ് നടന്ന വീടിന്റെ മേൽവിലാസത്തിൽ അയച്ച നോട്ടീസായിരുന്നു ഇത്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിനോദിനിയെ ലഭിച്ചില്ല.

തിരുവനന്തപുരത്തെ ഫ്ലാറ്റിന്റെ മേൽവിലാസത്തിലാണ് കസ്റ്റംസ് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്. ഈ നോട്ടീസും കൈപ്പറ്റിയില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.

ലൈഫ് മിഷൻ ഇടപാടിൽ കോഴ നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ നിർദേശപ്രകാരം താൻ ആറ് ഐ ഫോണുകൾ വാങ്ങി നൽകിയെന്നും യൂണിടാക് ഉടമ വെളിപ്പെടുത്തിയിരുന്നു.

ഇതിൽ അഞ്ച് ഫോണുകൾ ഉപയോഗിച്ചവരെ സംബന്ധിച്ച്‌ വിവരങ്ങൾ കസ്റ്റംസിന് നേരത്തെ ലഭിച്ചു. സന്തോഷ് ഈപ്പൻ വാങ്ങിയ ഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നായിരുന്നു കസ്റ്റംസിന്റെ കണ്ടെത്തൽ. എന്നാൽ, വിനോദിനിക്ക് ഫോൺ നൽകിയിട്ടില്ലെന്നായിരുന്നു സന്തോഷ് ഈപ്പന്റെ പ്രതികരണം. സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്ന് വിനോദിനിയും വ്യക്തമാക്കിയിരുന്നു.