ചെന്നൈ: തമിഴ്‌നാട്ടിൽ കൊറോണ കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സ്കൂളുകൾ അടച്ചു. 9,10,11,12 ക്ലാസുകളാണ് മാർച്ച് 22 മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചത്. വെള്ളിയാഴ്ച മാത്രം 1,087 കേസുകളാണ് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തത്.
വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളും അടച്ചു. എന്നാൽ പ്ലസ് ടു വിദ്യാർഥികൾക്ക് ക്ലാസ് തുടരും. പത്താം ക്ലാസിലെ പരീക്ഷയും നടക്കും. കർശനമായി കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിർദേശം നൽകിയിട്ടുണ്ട്.നിരവധി വിദ്യാർത്ഥികൾക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലിൽ തഞ്ചാവൂരിൽ മാത്രം പതിനൊന്ന് സ്‌കൂളുകൾ നേരത്തെ അടച്ചിരുന്നു. ഇതിന് ശേഷമാണ് എല്ലാ സ്‌കൂളുകളും അടച്ചിടാനുള്ള തീരുമാനം സർക്കാർ എടുത്തത്.
81 ദിവസങ്ങൾക്ക് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഒറ്റ ദിവസം കൊറോണ കേസുകൾ ആയിരം കടക്കുന്നത്. ഇതോടെ തമിഴ്നാട്ടിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ട് ലക്ഷം കടന്നു. നിലവിൽ 6,690 പേരാണ് കൊറോണ ബാധിതരായി ചികിത്സയിലുള്ളത്. 12,582 പേർക്ക് കൊറോണ മൂലം ജീവൻ നഷ്ടമായി.
തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതിന് പിന്നാലെ തമിഴ്‌നാട്ടിലെ കൊറോണ രോഗികളുടെ എണ്ണവും വർധിക്കുകയായിരുന്നു. പുതുച്ചേരി, ആന്ധ്രപ്രദേശ്, കർണാടക എന്നിവ ഒഴികെയുള്ള സ്ഥലങ്ങളിൽ നിന്ന് വരുന്നവരെ തമിഴ്നാട്ടിൽ നിരീക്ഷിക്കുന്നുണ്ട്.