കണ്ണൂർ: ഗുരുവായൂരിലും ദേവികുളത്തും ബിജെപി പത്രിക തള്ളിയതോടെ ബിജെപിക്ക് സ്ഥാനാർഥി കളില്ലതായി. അതേ സമയം തലശേരിയിലെ സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി. ബിജെപി കണ്ണൂർ ജില്ലാ പ്രസിഡൻറും തലശേരിയിലെ സ്ഥാനാർഥിയുമായിരുന്ന എൻ. ഹരിദാസാണ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചത്.
സത്യവാംഗ്മൂലത്തോടൊപ്പം സമർപ്പിക്കേണ്ട ഫോം “എ’ ഹാജരാക്കാത്തതിനെ തുടർന്നാണ് ഹരിദാസിൻറെ പത്രിക തള്ളിയത്. മണ്ഡലത്തിൽ ബിജെപിക്ക് ഡമ്മി സ്ഥാനാർഥിയും ഇല്ലായിരുന്നു. കണ്ണൂരിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ടുള്ള മണ്ഡലമാണ് തലശേരി. അതേസമയം, ഗുരുവായൂരിലും ബിജെപിക്ക് ഇത്തവണ സ്ഥാനാർഥിയില്ല. അഡ്വ. നിവേദിതയുടെ പത്രികയാണ് തള്ളിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ ഒപ്പില്ലാത്തതാണ് പത്രിക തള്ളാൻ കാരണം. ഇവിടെയും ബിജെപിക്ക് ഡമ്മി സ്ഥാനാർഥിയില്ല.
ദേവികുളം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയുടെ ഉൾപ്പടെ മൂന്ന് പേരുടെ പത്രികകളും തള്ളി. എൻഡിഎ സ്ഥാനാർഥി അണ്ണാ ഡിഎംകെയുടെ ആർ.എം. ധനലക്ഷ്മി, ഡമ്മി സ്ഥാനാർഥി പൊൻപാണ്ടി, ബിഎസ്പിയിൽ മത്സരിക്കുന്ന തങ്കച്ചൻ എന്നിവരുടെ പത്രികകളാണ് വരണാധികാരി തള്ളിയത്. ഫോറം 26 പൂർണമായും പൂരിപ്പിക്കാത്തതിനെ തുടർന്നാണ് നടപടി.